പ്രളയ ദുരിതാശ്വാസം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി; ഉച്ചയ്ക്കു ശേഷം ചര്‍ച്ച
തിരുവനന്തപുരം: നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ മൂന്നുമണിവരെ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. വിഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.
നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട പാളിച്ചകള്‍ സംബന്ധിച്ച വിഷയത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയം. പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രമേയമെന്ന് അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പില്‍ വിഡി സതീശന് വ്യക്തമാക്കുന്നു.
പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ നിരവധി തവണ വിശദീകരണം നല്കിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ചചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം. സര്‍ക്കാര്‍ ഇതുവരെ ചെയ്തകാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കാന്‍ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഒരുമിച്ചാണ് നേരിട്ടതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും ചര്‍ച്ച ആകാമെന്നും സ്പീക്കറും വ്യക്തമാക്കി.
ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ടാമത്തെ അടിയന്തര പ്രമേയത്തിനാണ് അവതരണാനമതി ലഭിച്ചിരിക്കുന്നത്. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുന്‍പ് അടിയന്തര പ്രമേയം അവതരിപ്പിക്കപ്പെട്ടത്. സഭാ ചരിത്രത്തില്‍ ഇതിനു മുന്‍പ് 24 അടിയന്തര പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്.
Content Highlights: adjournment motion, Legislative Assembly, Kerala Flood
Leave a Reply
You must be logged in to post a comment.