കൊല്‍ക്കത്തയോട് ഗോള്‍രഹിത സമനില; നോര്‍ത്ത് ഈസ്റ്റ് രണ്ടാമത്
ഗുവാഹട്ടി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-എ.ടി.കെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഏതാനും അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
സമനിലയോടെ 11 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി എ.ടി.കെ ആറാം സ്ഥാനത്താണ്.
മത്സരത്തില്‍ 70 ശതമാനത്തോളം സമയം പന്ത് കൈവശം വെച്ചിട്ടും വെറും രണ്ടു ഷോട്ടുകള്‍ മാത്രമാണ് നോര്‍ത്ത് ഈസ്റ്റിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്. ഇതിനിടെ 30-ാം മിനിറ്റില്‍ മുമ്പിലെത്താനുളള അവസരം എ.ടി.കെ നഷ്ടമാക്കി. എവര്ട്ടണ് സാന്റോസിന്റെ ലോങ് പാസ് സ്വീകരിച്ച ബല്‍വന്ത് സിങ്ങിന് പക്ഷേ ഗോളി പവന് കുമാറിനെ മറികടക്കാനായില്ല.
ആദ്യ പകുതിയിലുടനീളം കളിക്ക് വേഗം കുറവായിരുന്നു. ഇരു ടീമുകളും കാര്യമായ മുന്നേറ്റങ്ങള്‍ക്ക് മുതിരാതിരുന്നതിനാല്‍ മത്സരം പലപ്പോഴും വിരസമായി. 49-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഡിഫന്‍ഡര്‍ ഗുര്‍വീന്ദര്‍ സിങ്ങിന്റെ പിഴവില്‍ നിന്ന് എ.ടി.കെ സ്കോര്‍ ചെയ്യേണ്ടതായിരുന്നു. പന്തു ലഭിച്ച മാനുവല്‍ ലാന്‍സരോട്ടെ ഗോളിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ പവന് കുമാര്‍ രക്ഷയ്ക്കെത്തി.
രണ്ടാം പകുതിയിലും കാര്യമായ ആക്രമണങ്ങള്‍ ടീമുകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 81-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റ് ഗോള്‍മുഖത്ത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും കൊല്‍ക്കത്തയ്ക്ക് അതും ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ സാധിച്ചില്ല. ഇന്‍ജുറി ടൈമില്‍ നോര്‍ത്ത് ഈസ്റ്റിന് റഫറി പെനാല്‍റ്റി നിഷേധിച്ചതും വിനയായി.
Content Highlights: ISL NorthEast United play goalless draw against ATK
Leave a Reply
You must be logged in to post a comment.