അമേരിക്ക എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ജോര്ഡന് പീല്‍ സംവിധാനം ചെയ്ത ഗെറ്റ് ഔട്ട്, ഡോണള്‍ഡ് ഗ്രോവര്‍ പാടിയ -ദിസ് ഈസ് അമേരിക്ക- എന്നീ രണ്ട് സൃഷ്ടികള്‍. പീപ്പിള്‍ ഓഫ് കളര്‍ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന കറുത്തവര്‍ഗക്കാരുടെ ജീവിതം ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യത്ത് എങ്ങനെയാണ് എന്നതിന്റെ സൂചനകളായിരുന്നു മുന്‍പ് സൂചിപ്പിച്ച രണ്ട് സൃഷ്ടികളും.
കല, പ്രതിഷേധവും കൂടിയാണെന്ന് വിശ്വസിക്കുന്ന ഒരുപാട് അമേരിക്കന്‍ അഭിനേതാക്കളും കലാകാരന്മാരും ബാക്കിയുള്ളതുകൊണ്ടാണ് എപ്പോഴും പൗരാവകാശധ്വംസനങ്ങള്‍ എല്ലായിപ്പോഴും അവിടെ ചര്‍ച്ചയാകുന്നത്. അതിലെ ഏറ്റവും പുതിയ കണ്ണിയാണ് സ്പൈക്ക് ലീയുടെ ബ്ലാക്ക് ക്ലാന്സ്മാന്. നിരന്തരം കറുത്തവര്‍ഗക്കാരായ അമേരിക്കന്‍ പൗരന്മാര് പോലീസ് അതിക്രമങ്ങളില്‍ കൊല്ലപ്പെടുകയും വലതുപക്ഷം ഉയര്ത്തെഴുന്നേല്ക്കുകയും ചെയ്യുന്ന കാലത്ത് വെളിച്ചം കെടാതെ സംരക്ഷിക്കുകയാണ് സ്പൈക്ക് ലീ.
കറുത്തവര്‍ഗക്കാരനായ ഒരു പോലീസ് ഡിറ്റക്റ്റീവിന്റെ യഥാര്‍ഥ ജീവിതകഥയെ ആധാരമാക്കിയാണ് സ്പൈക്ക് ലീ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബയോഗ്രഫിയില്‍ ആവശ്യത്തിലധികം കഥ ചേര്‍ത്തിട്ടുള്ളത് കൊണ്ട് പൂര്‍ണമായും ജീവിതകഥയുടെ നേര്‍ച്ചിത്രമാണ് ബ്ലാക്ക് ക്ലാന്സ്മാന് എന്ന് പറഞ്ഞുകൂടാ. അതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോരായ്മയും. ഗെറ്റ് ഔട്ടില്‍ ജോര്ഡന് പീല്‍ അനുവര്‍ത്തിച്ച അതേരീതിയിലുള്ള കഥപറച്ചിലാണ് സ്പൈക്ക് ലീയുടെത്. പക്ഷേ, ഒരാളുടെ ജീവിതകഥയില്‍ ലീ വരുത്തിയ മാറ്റങ്ങള്‍ പ്രേക്ഷകന് ഉള്ക്കൊള്ളനാകണം.
റോണ്‍ സ്റ്റോള്വര്ത്ത് (ജോണ്‍ ഡേവിഡ് വാഷിങ്ടണ്‍) എന്ന കറുത്ത വര്ഗക്കാരന് കൊളറാഡോ സ്പ്രിങ്സ് എന്ന പട്ടണത്തില്‍ പോലീസ് ഉദ്യോഗസ്ഥനായി ജോലിയില്‍ കയറുകയാണ്. 1970കളാണ് പശ്ചാത്തലം. സഹപ്രവര്‍ത്തകരില്‍ നിന്ന് വംശീയമായ തമാശകള്‍ നേരിടുന്ന റോണ്‍, രഹസ്യാന്വേഷണ ഡിറ്റക്റ്റീവ് ആകാന്‍ താല്പര്യം പ്രകടിപ്പിക്കുന്നു. കറുത്തവര്‍ഗക്കാരുടെ ഒരു തീവ്രസ്വഭാവമുള്ള സംഘടനയെക്കുറിച്ച് നേരിട്ട് അറിയാനാണ് റോണ്‍ നിയോഗിക്കപ്പെടുന്നത്. അവിടെവച്ച് അയാള്‍ വിദ്യാര്‍ഥി ആക്റ്റിവിസ്റ്റ് ആയ പാട്രിസ് ഡ്യൂമയെ പരിചയപ്പെടുന്നു. അവിടെ ചര്‍ച്ച ചെയ്ത ആശയങ്ങളോട് അയാള്‍ക്ക് ആഭിമുഖ്യം ഉണ്ടെങ്കിലും അത് ഏറ്റെടുക്കാന്‍ റോണ്‍ തയാറല്ല. പാട്രിസീനോടുള്ള പ്രണയത്തിലാണ് റോണ്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.
ഒരിക്കല്‍ ഒരു പ്രാദേശികപത്രത്തില്‍ നിന്ന് വെളുത്ത വര്‍ഗക്കാരുടെ വംശീയ സംഘടന, കെകെകെ (കു ക്ലക്സ് ക്ലാന്) യെക്കുറിച്ച് റോണ്‍ അറിയുന്നു. അംഗങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിന് സ്വയം വെള്ളക്കാരനായി പരിചയപ്പെടുത്തി ഓഫീസ് ഫോണില്‍ നിന്ന് റോണ്‍ വിളിക്കുന്നു. കെകെകെ പ്രാദേശിക ചാപ്റ്റര്‍ നേതാവിനോട് പരിചയം നടിക്കുന്ന റോണ്‍ വെളുത്ത വര്‍ഗക്കാരനായ തന്റെ സഹ ഓഫീസറെ ദൗത്യത്തില്‍ ഉള്‍പ്പെടുത്തുന്നു. ക്ലാനിന് അകത്ത് എത്തുന്ന ഒരാളിലൂടെ സംഘടനയ്ക്ക് അകത്തുനടക്കുന്ന വിവരങ്ങള്‍, പദ്ധതികള്‍ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ റോണ്‍ ശേഖരിക്കുന്നു.
അമേരിക്കയില്‍ 2017ല്‍ നടന്ന ഷാര്ലെറ്റ്സ്വില് കലാപം ആണ് ചിത്രത്തിന്റെ പ്രമേയത്തിന് സത്യത്തില്‍ പശ്ചാത്തലമാകുന്നത്. സ്റ്റീരിയോടൈപ്പുകള്‍, നിര്‍ദോഷമെന്ന് തോന്നുന്ന വംശീയതമാശകള്, ജീവിതരീതികള്‍ എന്നിവയെല്ലാം സൂക്ഷ്മമായി സ്പൈക്ക് ലീ പ്രേക്ഷകര്‍ക്ക് മുന്നില്‍വെക്കുന്നുണ്ട്. ജിഡബ്ല്യു ഗ്രിഫിത്തിന്റെ ബര്‍ത്ത് ഓഫ് എ നേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളിലൂടെ വിഭജനം, ക്ലാന് എങ്ങനെയാണ് അമേരിക്കയിലേക്ക് തിരികെ വന്നത് എന്നതും ലീ ചര്‍ച്ച ചെയ്യുന്നു.
സംഭാഷണങ്ങളിലെല്ലാം തമാശയും സൂക്ഷ്മമായ രാഷ്ട്രീയവും മുഴച്ചുനില്ക്കുന്നു. സിനിമയുടെ നട്ടെല്ല് തന്നെ ഈ യാഥാര്‍ഥ്യ ബോധമാണ്. ഏത് തരത്തിലുള്ള വംശീയതയായാലും അത് പ്രതിഫലിക്കുന്ന രീതികളും അത് ഉണര്‍ത്തി വിടുന്ന ആളുകളും പൊള്ളയാണെന്ന് പറഞ്ഞുവെക്കുന്നുണ്ട് സ്പൈക്ക് ലീ. സിനിമ യാഥാര്‍ഥ്യത്തിലൂടെ സഞ്ചരിക്കുകയും സൂക്ഷ്മമായി സമൂഹത്തെ നോക്കിക്കാണുകയുമാണ്.
അവസാന മിനിറ്റുകളില്‍ ദൃശ്യങ്ങളാണ് ഉത്തരങ്ങള്‍ സ്വയംപൂരിപ്പിക്കുന്നത്. സിനിമ എങ്ങനെ യാഥാര്‍ഥ്യമാകുമെന്നും ചരിത്രം എങ്ങനെയാണ് ആവര്‍ത്തിക്കപ്പെടാന്‍ വെമ്പുന്നതെന്നും വളരെ എളുപ്പം സ്പൈക്ക് ലീ കാണിച്ചുതരുന്നു. കാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്‍പ്രിക്സ് നേടിയ സിനിമ, ഗോള്‍ഡന്‍ ഗ്ലോബ്സ് പുരസ്കാരത്തിന് നാമനിര്‍ദേശവും നേടിയിട്ടുണ്ട്.
Original Article
Leave a Reply
You must be logged in to post a comment.