Home » തമിഴ്‌നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.

തമിഴ്‌നാട്ടുകാരനായ ഹരീഷിന് കൃത്രിമ കാല്‍വേണം; സുഡാനിക്ക് ലഭിച്ച അഞ്ചുപേരുടെ അവാര്‍ഡുതുക ഹരീഷിന് നല്‍കും.

തമിഴ്‌നാട്ടുകാരനായ ഹരീഷിന് കൃത്രിമകാല്‍ വെക്കാന്‍ സുഡാനി ഫ്രം നൈജീരിയയുടെ അവാര്‍ഡ് തുകകള്‍ നല്‍കും. കുട്ടിക്കാലത്ത് ലോറി ഡ്രൈവറായ തന്റെ അച്ഛന്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ വീട്ടിലെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുന്നത് കേട്ടാണ് ഹരീഷിന് കേരളം കാണണമെന്ന ആഗ്രഹം ഉദിക്കുന്നത്. ഫുട്‌ബോള്‍ കളിക്കാരാനാകാനും ഹരീഷ് ആഗ്രഹിച്ചിരുന്നു. മകന്റെ കേരളം കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ആ അച്ഛന്‍ മകനേയും കൂട്ടി ഇങ്ങോട്ട് പുറപ്പെട്ടു. പക്ഷേ ആ യാത്ര പാലക്കാട് വരേയെ എത്തിയുള്ളൂ. പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. അച്ഛന്‍ രക്ഷപ്പെട്ടെങ്കിലും ഹരീഷിന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് ഇതെല്ലാം വാര്‍ത്തയുമായിരുന്നു. പത്രങ്ങളിലെല്ലാം ഹരീഷ് നിറഞ്ഞുനിന്നു. അവനെ കാണാന്‍ സാധാരണക്കാര്‍ മുതല്‍ വി.ഐ.പികള്‍ വരെയെത്തി. തൃശൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരുന്ന ഹരീഷ് പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നീടൊരിക്കലും ഹരീഷ് എവിടെയാണെന്ന് അറിവുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഹരീഷിനെ തേടി പിന്നീട് അന്വേഷണം നടത്തിയെന്നും ഒടുവില്‍ ഹരീഷിനെ കണ്ടെത്തിയെന്നും ഫോട്ടോഗ്രാഫര്‍ കെ.ആര്‍ സുനിലാണ് ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. പക്ഷേ അവന്റെ അവസ്ഥകള്‍ ദയനീയമായിരുന്നു. നിരാലംബനായ ഹരീഷിന് കൃത്രിമകാല്‍വെക്കണമെന്ന് ആഗ്രഹവുമുണ്ട്. അതിന് 18 ലക്ഷം രൂപയോളം ചിലവുമുണ്ട്. കൊച്ചിയിലെത്തിയ ഹരീഷിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും ഷൈജു ഖാലിദുമുള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാണ് വലിയൊരു സഹായവാഗ്ദാനം അറിയിച്ചത്. സംസ്ഥാന അവാര്‍ഡിനര്‍ഹമായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ലഭിച്ച അഞ്ചു പേരുടെ അവാര്‍ഡ് തുക ഹരീഷിന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിന്‍ സാഹിര്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്‍കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിക്കുകയായിരുന്നു.

Leave a Reply