കോലി കരുതിയിരുന്നോളൂ… ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയയെ നയിക്കാന്‍ ഏഴു വയസുകാരന്
മെല്‍ബണ്‍: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക ഏഴു വയസുകാരനായ ആര്‍ച്ചി ഷില്ലെറായിരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ.
കുഞ്ഞ് ഷില്ലെറെ ഉള്‍പ്പെടുത്തിയാണ് ബോക്സിങ് ഡേ ടെസ്റ്റിനായുള്ള 15 അംഗ ഓസീസ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്തുമസ് പിറ്റേന്ന് മെല്‍ബണിലാണ് ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ്. ടീമില്‍ പതിനഞ്ചാമനായാണ് ഷില്ലെറെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്രിക്കറ്റിനെ അതിയായി ഇഷ്ടപ്പെട്ടിരുന്ന കുഞ്ഞ് ഷില്ലെറുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയത് അപൂര്‍വമായ ഹൃദ്രോഗമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് കുഞ്ഞു ഷില്ലെറുടെ ഹൃദയത്തിന് വലിയ തകരാറുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് അടക്കം വിധേയനായ ഈ ഏഴു വയസുകാരന് ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനിടെ ഷില്ലെറുടെ ക്രിക്കറ്റ് സ്നേഹം അറിഞ്ഞ ഓസീസ് കോച്ച് അവന്റെ മാതാപിതാക്കളെ ബന്ധപ്പെടുകയും ഷില്ലെറെ ടീമിനൊപ്പം കൂട്ടുകയുമായിരുന്നു. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ കടുത്ത ആരാധകനാണ് ലെഗ് സ്പിന്നര്‍ കൂടിയായ ഷില്ലെര്‍. നേരത്തെ ഓസീസ് ടീമിനൊപ്പം പരിശീലിക്കാനും ഷില്ലെര്‍ക്ക് അവസരം ലഭിച്ചിരുന്നു. ഇതിനിടെ ഓസീസിനെ നയിക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും ഷില്ലെര്‍ പറഞ്ഞിരുന്നു. ഈ ആഗ്രഹമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോള്‍ സാധിച്ചുകൊടുക്കുന്നത്.
അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന് ഷില്ലെര്‍ ലിയോണിനോട് പറയുകയും ചെയ്തിരുന്നു.
Content Highlights: archie schiller named australia's co captain for boxing day test against india
Leave a Reply
You must be logged in to post a comment.