വായ്പാ പലിശ നിശ്ചയിക്കുന്നതിലെ മാനദണ്ഡം ഏപ്രിൽ മുതൽ മാറും
കൊച്ചി: “റിസർവ് ബാങ്ക് നിരക്ക് ഉയർത്തുമ്പോൾ പൊടുന്നനെ വായ്പാ പലിശനിരക്കുകൾ കൂട്ടുന്ന ബാങ്കുകൾ പക്ഷേ ആർ.ബി.ഐ. നിരക്ക് കുറയ്ക്കുമ്പോൾ പലിശ കുറയ്ക്കാൻ തയ്യാറാവുന്നില്ല…” സാധാരണക്കാർ പോലും ഈയിടെയായി പറയുന്ന പരാതിയാണ്. ഇതിന് പരിഹാരമാകുകയാണ്.
ഭവനവായ്പ ഉൾപ്പെടെയുള്ള വിവിധയിനം ലോണുകളുടെ പലിശ നിശ്ചയിക്കുന്നതിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ റിസർവ് ബാങ്ക് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കുന്നു. 2019 ഏപ്രിലോടെ ഇത് നിലവിൽ വരും. ഇതോടെ, പലിശ നിരക്കുകളിൽ നേരിയ വ്യത്യാസവും ദൃശ്യമാകും.
‘മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ്’ (എം.സി.എൽ.ആർ.) അടിസ്ഥാനത്തിലാണ് 2016 ഏപ്രിൽ മുതൽ ബാങ്കുകൾ വായ്പകൾ അനുവദിക്കുന്നത്. വായ്പകളിന്മേൽ ബാങ്കുകൾക്ക് ചുമത്താവുന്ന ഏറ്റവും താഴ്ന്ന പലിശ നിരക്കാണ് എം.സി.എൽ.ആർ. ഇതിനു പുറമെ, ബേസ് റേറ്റ് എന്ന അടിസ്ഥാന നിരക്ക്, ബെഞ്ച്മാർക്ക് പ്രൈം ലെൻഡിങ് റേറ്റ്, പ്രൈം ലെൻഡിങ് റേറ്റ് എന്നിവയും നിലവിലുണ്ടായിരുന്നു.
ഈ സമ്പ്രദായങ്ങൾക്ക് പകരമാണ് ബാഹ്യമായ ഘടകങ്ങളുടെ കൂടി അടിസ്ഥാനത്തിൽ പലിശ നിരക്ക് നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പാക്കാനൊരുങ്ങുന്നത്. ആർ.ബി.ഐ. വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപോ നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ മാനദണ്ഡം നടപ്പാക്കുക. ഇതിനു പുറമെ, ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് ഇന്ത്യ (എഫ്.ബി.ഐ.എൽ.) യുടെ 91 ദിവസത്തെ കേന്ദ്രസർക്കാർ ട്രഷറി ബിൽ നിരക്ക്, 182 ദിവസത്തെ ട്രഷറി ബിൽ നിരക്ക്, മറ്റു ബെഞ്ചുമാർക്കുകളിലുള്ള നിരക്ക് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന നിരക്ക് നിശ്ചയിക്കാനാകും.
ഒരു വിഭാഗത്തിലുള്ള എല്ലാ വായ്പകൾക്കും ഒരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പലിശ നിശ്ചയിക്കാനാകൂ. അതത് ബാങ്കുകൾക്ക് ഇത് തീരുമാനിക്കാനാകും.
അടിസ്ഥാന പലിശ നിരക്ക് നിശ്ചയിക്കുന്നതിലെ പുതിയ മാനദണ്ഡം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം ഡിംസബർ അവസാനത്തോടെ ആർ.ബി.ഐ. പ്രസിദ്ധീകരിക്കും.
content highlight:‘RBI move to link banks’ lending rates to external benchmarks will ensure more transparency’
Leave a Reply
You must be logged in to post a comment.