'നിരോധനാജ്ഞമൂലം ആര്‍ക്കാണ് ബുദ്ധിമുട്ട്': ശബരിമലയിൽ സര്‍ക്കാരിനെ പിന്തുണച്ച് കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി നിലപാട്. ശബരിമല നിരീക്ഷണ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്. ശബരിമലയില്‍ വിശ്വാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ബുധനാഴ്ച്ച മാത്രം 80000 പേര് ശബരിമലയില്‍ എത്തിയെന്ന് നിരീക്ഷണ സമിതി അറിയിച്ച കാര്യവും കോടതി പ്രത്യേകം എടുത്തുപറഞ്ഞു. ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലയ്ക്കലെയും പമ്പയിലെയും സൗകര്യങ്ങള്‍ ഉള്‍പ്പെടെ ശബരിമലയിലെ സാഹചര്യങ്ങളില്‍ പൂര്‍ണ തൃപ്തിയാണ് നിരീക്ഷണ സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
നിരോധനാജ്ഞ കൊണ്ട് ശബരിമലയില്‍ എന്ത് ദോഷമാണ് ഉണ്ടായതെന്നും കോടതി ചോദിച്ചു. പ്രതിപക്ഷവും ബിജെപിയും സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്ന് സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായത്.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ കോടതി വാക്കാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതി ഏര്‍പ്പെടുത്തിയ മൂന്നംഗ കമ്മീഷന് ശബരിമല സന്ദര്‍ശിച്ച ശേഷം എല്ലാം സുഗമമായി മുന്നോട്ട് പോകുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.
നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേണ്ടി എഡിഎം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കുന്നതിനും ക്രമസമാധാനപാലനത്തിനും വേണ്ടിയാണ് നിരോധനാജ്ഞ എന്ന് സത്യവാങ്മൂലത്തില്‍ എടുത്തുപറഞ്ഞിരുന്നു. നിരോധനാജ്ഞമൂലം അയ്യപ്പന്‍മാര്‍ക്കോ അവരുടെ വാഹനങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടാകുന്നില്ല, അതിനാല്‍ തന്നെ നിരോധനാജ്ഞ ആരുടെയും ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
Content Highligh: HC support kerala govt on security arrangement in sabarimala
Leave a Reply
You must be logged in to post a comment.