കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന ഉപാധി.
21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന് ജയില്‍ മോചിതനാകുക. റാന്നി താലൂക്കില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉപാധി നിലവിലുണ്ട്. ജാമ്യാപേക്ഷയെ വെള്ളിയാഴ്ചയും സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന് ജാമ്യത്തിലിറങ്ങിയാല്‍ ശബരിമലയില്‍ കലാപത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദിച്ചു. എങ്കിലും ഉപാധികളോടെ ജാമ്യം നല്‍കാം എന്ന് ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
എന്തൊക്കെ ഉപാധികള്‍ ഉള്‍പ്പെടുത്തണം എന്ന അഭിപ്രായം ആരാഞ്ഞപ്പോഴാണ് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും സുരേന്ദ്രന് കെട്ടിവെക്കണം.
ഹൈക്കോടതി ഉപാധിയോടെ ശബരിമല ദര്‍ശനം സുരേന്ദ്രന് സാധ്യമാകില്ല. സന്നിധാനം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ടവിശേഷ സമയത്ത് തൃശൂര്‍ സ്വദേശിയായ 52 കാരിയെ തടഞ്ഞതിന് ഗൂഢാലോചന, വധശ്രമം എന്നീ കുറ്റമാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. സമാനമായ കുറ്റകൃത്യത്തില്‍ ഇടപെടരുതെന്ന നിര്‍ദേശവും ജാമ്യം അനുവദിക്കവെ കോടതി നല്‍കിയിട്ടുണ്ട്.
Content Highlights: K Surendran granted bail, Highcourt, Sabarimala issue
Leave a Reply
You must be logged in to post a comment.