മുംബൈ ഭീകരാക്രമണം: ഉത്ഭവം പാക് മണ്ണിലെന്ന് സമ്മതിച്ച് ഇമ്രാന്ഖാന്
ഇസ്ലാമാബാദ്: 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണില്‍ നിന്ന് തന്നെയെന്ന് പാക് പ്രധാനമന്ത്രിയുടെ മൗനസമ്മതം. മുംബൈയില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന് ഖാന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അധികൃതരോട് താന്‍ ചോദിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയെന്നതാണ് തങ്ങളുടെ താത്പര്യമെന്നും വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏഴുപേര്‍ പ്രത്യേക കോടതിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണ നേരിടുന്നുണ്ടെന്നും മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അഭിമുഖത്തില്‍ ഇമ്രാന് ഖാന് പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ മുന്നോട്ട് വെക്കുന്ന ചുവടുകള്‍ക്കൊപ്പം പാകിസാതാനുമുണ്ടാകുമെന്നും തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറാണെന്നും ഇമ്രാന് ഖാന് കൂട്ടിച്ചേര്‍ത്തു.
ഭീകര പ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ചുകൊണ്ടുപോവാനാവില്ലെന്ന് ഇന്ത്യ നേരത്തേ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ ചര്ച്ചയാരംഭിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. അതേസമയം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയുമായി ഇമ്രാന് ഖാനും രംഗത്ത് വന്നിരുന്നു.
Content Highlight: Imran tacitly acknowledges that 26/11 originated from Pakistani soil
Leave a Reply
You must be logged in to post a comment.