കൊച്ചി: ചികിത്സച്ചെലവുമൂലം കടക്കെണിയിലായവരെ സഹായിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെരുവിലിറങ്ങേണ്ടിവരുന്ന കുടുംബത്തിന്റെ നിസ്സഹായത മുന്നില്‍ക്കണ്ടാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഈ നിരീക്ഷണം.
മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിക്കാരനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുള്ളത്.
എന്തുപദ്ധതിയാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. അതേപ്പറ്റി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജിക്കാരനുവേണ്ടിമാത്രമല്ല, സമാനസ്ഥിതിയിലുള്ള മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തുചെയ്യാനാവുമെന്ന് അറിയിക്കണം. ഹര്‍ജിക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയും കുട്ടികളുടെ ചികിത്സതുടരാന്‍ സാധിക്കുന്നുണ്ടോ എന്നും മലപ്പുറം കളക്ടര്‍ പ്രതിനിധിയെ വിട്ട് മനസ്സിലാക്കണം. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം നല്‍കണം. ഇതിനായി സര്‍ക്കാരിനെയും മലപ്പുറം കളക്ടറെയും കോടതി സ്വമേധയാ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കുകയായിരുന്നു.
ഹര്‍ജി ഡിസംബര്‍ 18-ന് വീണ്ടും പരിഗണിക്കും. അതുവരെ ബാങ്ക് ജപ്തിനടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വായ്പക്കുടിശ്ശികയുടെ പേരിലെ ജപ്തിക്കെതിരായ അപേക്ഷയെന്ന നിലയിലാണ് ഹര്‍ജി കോടതിക്കുമുന്നിലെത്തിയത്. എന്നാല്‍, പതിയെ അതിനുപിന്നിലെ കടുത്ത സാമൂഹികപ്രശ്നം കോടതി മനസ്സിലാക്കി. സാധാരണഗതിയില്‍ ബദല്‍ തര്‍ക്കപരിഹാരമാര്‍ഗം തേടാനോ ഗഡുക്കളായി തിരിച്ചടവിന് സാവകാശത്തിനോ ആണ് കോടതി നിര്‍ദേശിക്കാറ്്. എന്നാല്‍, ഇതില്‍ കോടതി പ്രശ്നം കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയായിരുന്നു.
Leave a Reply
You must be logged in to post a comment.