159 ദിവസം, 14 രാജ്യങ്ങൾ, 29000 കിലോമീറ്റർ…റെക്കോഡ് പുസ്തകത്തിലേയ്ക്ക് ചവിട്ടിക്കയറാൻ വേദാംഗി
മുംബൈ: ബുള്ളറ്റെടുത്ത് ലേ ലഡാക്കും കുളു മണാലിയും ചുറ്റിക്കറങ്ങുന്നത് സ്വപ്‌നം കാണുന്നവരാണ് ഇന്നത്തെ തലമുറ. എന്നാല്‍ വേദാംഗി കുല്‍ക്കര്‍ണിയെന്ന പുണെ സ്വദേശിനിയുടെ നേട്ടം അറിഞ്ഞാല്‍ ഇത്തരക്കാര്‍ തലയില്‍ കൈവെച്ചു പോകും.
വെറുമൊരു സൈക്കിളില്‍ ലോകം ചുറ്റിക്കാണാനിറങ്ങിയ വേദാംഗി, ഞായറാഴ്ച കൊല്‍ക്കത്തയിലെത്തിയപ്പോള്‍ പിന്നിട്ട ദൂരം 29,000 കിലോമീറ്ററുകളായിരുന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്ന് സൈക്കിളില്‍ ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിവന്ന വ്യക്തിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനുള്ള ഒരുക്കത്തിലാണ് ഇരുപതുകാരിയായ വേദാംഗി.
ജൂലായില്‍ പെര്‍ത്തില്‍ നിന്നാണ് വേദാംഗിയുടെ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തിയ വേദാംഗി, ഇവിടെ നിന്ന് തിരിച്ച് ഓസ്‌ട്രേലിയയില്‍ മടങ്ങിയെത്തുന്നതോടെ ഈ റെക്കോഡില്‍ അവളുടെ പേര് ചേര്‍ക്കപ്പെടും.
പെര്‍ത്ത് വിമാനത്താവളത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് വേദാംഗി യാത്ര ആരംഭിച്ച സ്ഥലം. ഇവിടെയെത്തുന്നതോടെ അവളുടെ യാത്രയ്ക്ക് അവസാനമാകും. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ യാത്ര തുടങ്ങിയ ഇടത്തു തന്നെ അവസാനിപ്പിക്കാന്‍ സാധിക്കുന്നത് അഭിമാനമായി കരുതുന്നുവെന്ന് വേദാംഗി പറഞ്ഞു.
159 ദിവസമായിരുന്നു വേദാംഗിയുടെ പ്രയാണം. ദിവസേന സൈക്കിള്‍ ചവിട്ടിയത് 300 കിലോമീറ്ററുകളോളം. 29,000 കിലോമീറ്ററിനുള്ളില്‍ 14 രാജ്യങ്ങളിലെ കാഴ്ചകള്‍ വേദാംഗിയെ പിന്നിട്ട് കടന്നുപോയി.
മുപ്പത്തെട്ടുകാരിയായ ബ്രിട്ടീഷ് സാഹസിക യാത്രിക ജെന്നി ഗ്രഹാമാണ് സൈക്കിളില്‍ ഏറ്റവും വേഗത്തില്‍ ലോകം ചുറ്റിവന്ന വനിത. 124 ദിവസം കൊണ്ടാണ് ജെന്നി തന്റെ പര്യടനം പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം തന്നെയാണ് ജെന്നിയും പര്യടനം പൂര്‍ത്തിയാക്കിയത്.
റെക്കോഡ് ലക്ഷ്യമിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാലാവസ്ഥയും വില്ലനായതോടെ വേദാംഗിയുടെ യാത്ര നീളുകയായിരുന്നു. വിസ അനുവദിച്ചു കിട്ടാനുള്ള കാലതാമസം പലപ്പോഴും യാത്ര ആരംഭിക്കാനും മറ്റും വിലങ്ങുതടിയായി. യൂറോപ്പില്‍ മഞ്ഞുകാലം ആരംഭിച്ചതും വലിയ തിരിച്ചടിയായി.
159 ദിവസങ്ങള്‍ നീണ്ട യാത്രയില്‍ 14 രാജ്യങ്ങളിലെയും നല്ലതും ചീത്തയുമായ അനുഭവങ്ങളിലൂടെയാണ് വേദാംഗി കടന്നുപോയത്. മനുഷ്യരും പ്രകൃതിയും ഒരുപോലെ യാത്രയില്‍ വെല്ലുവിളിയായിരുന്നു. കാനഡയില്‍ വെച്ച് ഒരു ചാരക്കരടി ഓടിച്ചതും റഷ്യയിലെ കനത്ത മഞ്ഞില്‍ കുറേയേറെ രാത്രികള്‍ ഒറ്റയ്ക്ക് ചെലവഴിക്കേണ്ടി വന്നതും സ്‌പെയിനില്‍ വെച്ച് അക്രമികള്‍ കത്തിമുനയില്‍ നിര്‍ത്തി കൊള്ളയടിച്ചതുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണെന്ന് വേദാംഗി പറയുന്നു.
യാത്രയ്ക്കുള്ള എല്ലാ പിന്തുണയും തനിക്ക് നല്‍കിയത് മാതാപിതാക്കളാണെന്ന് വേദാംഗി പറയുന്നു. ലോകം കാണാനുള്ള എന്റെ പ്രയാണത്തിന് അവര്‍ നല്‍കിയ മാനസിക പിന്തുണയും പ്രോത്സാഹനവും അത്രയേറെ വലുതായിരുന്നു. യാത്രയ്ക്കിടെ ദുഷ്‌ക്കരമായ അവസ്ഥകളില്‍ കൂടി കടന്നുപോകേണ്ടി വന്നപ്പോള്‍ എന്റെ ആവേശം കെടാതെ നോക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങളുമായി എല്ലാ സമയത്തും ഫോണിന്റെ അങ്ങേത്തലയ്ക്കലുണ്ടായിരുന്നു. മാതാപിതാക്കള്‍ തന്നെയാണ് വേദാംഗിയുടെ യാത്രയ്ക്കുള്ള ചെലവുകളും മറ്റും നല്‍കിയത്.
അവളുടെ സമര്‍പ്പണവും ഇച്ഛാശക്തിയും തന്നെയാണ് ഈ സ്വപ്‌നനേട്ടം കൈവരിക്കാന്‍ അവളെ സഹായിച്ചതെന്ന് വേദാംഗിയുടെ പിതാവ് വിവേക് കുല്‍ക്കര്‍ണി പറഞ്ഞു. അവളില്‍ നിന്ന് ഇനിയുമേറേ കാര്യങ്ങള്‍ സംഭവിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനിലെ ബേണ്‍മൗത്ത് സര്‍വകലാശാലയിലെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ബിരുദ വിദ്യാര്‍ഥിനിയാണ് വേദാംഗി. പഠിക്കുന്നതിനിടെ തന്നെ യാത്രയ്ക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചിരുന്നു. അന്നു മുതലേ സൈക്കിളില്‍ ദീര്‍ഘദൂര യാത്രകള്‍ ചെയ്തിരുന്നു.
യാത്രയിലെ 80 ശതമാനം ദൂരവും കൂട്ടിന് ആരുമില്ലാതെ ഒറ്റയ്ക്കാണ് വേദാംഗി ഓടിച്ചു തീര്‍ത്തത്. സൈക്കിള്‍ നന്നാക്കാനുള്ള ഉപകരണങ്ങള്‍, ക്യാമ്പ് ചെയ്യാനുള്ള വസ്തുക്കള്‍, തുണികള്‍ തുടങ്ങിയവയായിരുന്നു കൂട്ടിനുണ്ടായിരുന്നത്.
ഒരു രാജ്യം ഏതാണ്ട് പൂര്‍ണമായി ചുറ്റിയടിച്ച ശേഷം അടുത്ത രാജ്യത്തേക്ക് വിമാനത്തില്‍ പോകുന്നതായിരുന്നു വേദാംഗിയുടെ യാത്രാ രീതി. ഇത്തരത്തില്‍ പെര്‍ത്തില്‍ നിന്ന് ആരംഭിച്ച യാത്ര ഓസ്‌ട്രേലിയ ഏതാണ്ട് ചുറ്റിയടിച്ച ശേഷം ബ്രിസ്‌ബെയ്‌നില്‍ നിന്ന് വിമാനത്തില്‍ ന്യൂസീലന്‍ഡിലെ വെല്ലിങ്ടണിലെത്തി. തുടര്‍ന്ന് കാനഡയിലേക്ക്. അവിടം സൈക്കിള്‍ സവാരി കഴിഞ്ഞ് പിന്നീട് യൂറോപ്പിലെത്തി. ഐസ്ലൻഡ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ പിന്നിട്ട് റഷ്യയിലെത്തി.
അവിടെ നിന്ന് വിമാനത്തില്‍ ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ മാത്രം 4000 കിലോമീറ്ററോളം വേദാംഗി സൈക്കിളില്‍ കറങ്ങി. 159 ദിവസങ്ങള്‍ നീണ്ട യാത്രയില്‍ 20 ഡിഗ്രി മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള കാലാവസ്ഥയിലൂടെയാണ് വേദാംഗി സൈക്കിള്‍ ചവിട്ടിയത്.
Content Highlights: indian woman vedangi kulkarni becomes the fastest asian to cycle across the globe
Leave a Reply
You must be logged in to post a comment.