ഹോക്കി ലോകകപ്പ്; അഞ്ചടിയില്‍ കാനഡയെ മുക്കി ഇന്ത്യ ക്വാര്‍ട്ടറില്‍
ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പ് പൂള്‍ സിയിലെ മൂന്നാം മത്സരത്തില്‍ കാനഡയെ തകര്‍ത്ത് ഇന്ത്യ. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യന്‍ നിര നേരിട്ട് ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ലളിത് ഉപാധ്യായ ഇന്ത്യയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. ലളിത് തന്നെയാണ് കളിയിലെ താരവും.
മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഏഴു പോയിന്റുണ്ട്. ബെല്‍ജിയത്തിനും ഇത്രയും പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ഗ്രൂപ്പിലെ രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കേണ്ടതുണ്ട്.
12-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെ ഇന്ത്യ മുന്നിലെത്തി. തുടക്കം മുതല്‍ തന്നെയുള്ള ഇന്ത്യന്‍ ആക്രമണങ്ങളുടെ ഫലമായിരുന്നു ആ ഗോള്‍. മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുമെന്ന ഘട്ടത്തില്‍ 39-ാം മിനിറ്റില്‍ സണ്‍ ഫ്രോറിസിലൂടെ കാനഡ തിരിച്ചടിച്ചു.
പിന്നാലെ 46-ാം മിനിറ്റില്‍ ചിഗ്ലെന്‍സന ഇന്ത്യയ്ക്ക് ലീഡ് നല്‍കി. പിന്നീട് ആക്രമണം അഴിച്ചുവിട്ട ഇന്ത്യ, തൊട്ടടുത്ത മിനിറ്റില്‍ ലളിത് ഉപാധ്യായയിലൂടെ ലീഡുയര്‍ത്തി. പിന്നാലെ 51-ാം മിനിറ്റില്‍ രോഹിദാസും സ്‌കോര്‍ ചെയ്തതോടെ കാനഡയുടെ ചെറുത്തുനില്‍പ്പ് അവസാനിച്ചു. 57-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളോടെ ലളിത് ഇന്ത്യയുടെ ഗോള്‍ പട്ടിക തികച്ചു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം, ദക്ഷിണാഫ്രിക്കയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്സ് (14, 22), ഗോങ്നാര്‍ഡ് (16), ലൈപേര്‍ട്ട് (30), ചാര്‍ലിയര്‍ (48) എന്നിവര്‍ ഗോള്‍ നേടി. നിക്കോളാസാണ് ദക്ഷിണാഫ്രിക്കയുടെ ഏക ഗോള്‍ നേടിയത്.
Content Highlights: Hockey World Cup India Outclass Canada To March Into Quarterfinals
Leave a Reply
You must be logged in to post a comment.