ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം കട്ടപ്പന കടന്നു
കട്ടപ്പന: ശബരിമല ദര്‍ശനത്തിനെത്തുന്ന മനിതി കൂട്ടായ്മയിലെ സ്ത്രീകളെ പാറക്കടവില്‍ വെച്ച് തടയാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘം പോലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവല്‍ കട്ടപ്പന കടന്നുപോയത്.
കുമളിയില്‍ പ്രതിഷേധം ശക്തിപ്പെട്ടതോടെ സംഘം കമ്പംമേട് വഴിയാണ് കേരളത്തിലെത്തിയത്. കുട്ടിക്കാനം വഴി നിലയ്ക്കലേക്ക് പോകാനാണ് സംഘം പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. 11 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്.
കുമളി ചെക്ക് പോസ്റ്റില്‍ ഇവരെ തടയാന്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് സംഘമായാണ് വനിതകള്‍ എത്തുന്നത്. ചെന്നൈയില്‍ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്‌നാട് പോലീസുമുണ്ട്.
കമ്പംമേട് വെച്ച് ഇവരെ കേരളാ പോലീസിന് കൈമാറി. സംഘര്‍ഷം മുന്നില്‍ കണ്ട് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള വഴികളിലെല്ലാം പ്രതിഷേധം തുടങ്ങുമെന്നാണ് വിവരം. അതേസമയം റോഡ് മാര്‍ഗം മാത്രമല്ല ട്രെയിന്‍ വഴിയും എത്തിയാല്‍ തടയാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ശബരിമലയിലേക്ക് എത്താന്‍ യുവതികള്‍ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് സന്നിധാനത്ത് നാമജപ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഇവര്‍ എരുമേലിയില്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് അവിടെയും വലിയ പ്രതിഷേധം തുടങ്ങിയിട്ടുണ്ട് .
Content Highlights: BJP Activists protest Against Manithi Activists who came to enter Sabarimala
Leave a Reply
You must be logged in to post a comment.