ശബരിമലയും സത്യഗ്രഹവും; ബഹളത്തേത്തുടര്‍ന്ന് സഭ പിരിഞ്ഞു
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. അതോടെ 18 മിനിട്ട് മാത്രം ചേര്‍ന്ന് ഇന്നത്തെ നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു.
സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്ന് വ്യാഴാഴ്ച ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ ചേംബറില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കര്‍ അനുരഞ്ജന ചര്‍ച്ചക്ക് തയ്യാറായില്ലെന്നു പറഞ്ഞാണ് ബഹളം തുടങ്ങിയത്.
രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം പ്രകടനമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എത്തിയ ഉടന്‍ തന്നെ പ്രതിഷേധവും തുടങ്ങി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി 12 വരെയാണ് ശബരിമലയില്‍ നിരോധനാജ്ഞയുള്ളത്. ഇത് തുടര്‍ന്നാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. നിരോധനാജ്ഞ അവസാനിപ്പിച്ചാല്‍ എന്തു ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കും. ശനിയാഴ്ച സഭ ഇല്ല, എന്നാല്‍ കവാടത്തില്‍ വി.എസ്.ശിവകുമാര്‍, ഡോ.എം ജയരാജ്, പാറക്കല്‍ അബ്ദുള്ള എന്നിവര്‍ നടത്തുന്ന സത്യഗ്രഹം തുടരും.
content highlights:Opposition protest speaker disperses kerala niyamasabha
Leave a Reply
You must be logged in to post a comment.