വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി; മൂന്ന് പേര്‍ അറസ്റ്റില്‍
ബാലുശ്ശേരി: വീട് കേന്ദ്രീകരിച്ച് കള്ളനോട്ട് അച്ചടി നടത്തുന്നതിനിടെ മൂന്ന് പേര്‍ അറസ്റ്റില്‍. വീട്ടുടമ ബാലുശ്ശേരി മീത്തലെ മണിഞ്ചേരി മുത്തു എന്ന രാജേഷ് കുമാര്‍ (45) ഏറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍വര്‍ട്ട് (43) കോഴിക്കോട് നല്ലളം താനിലശ്ശേരി വൈശാഖ് (24) എന്നിവരെയാണ് ബാലുശ്ശേരി സി.ഐ കെ.സുഷീറും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസ് സംഘം വീട്ടിലെത്തിയത്.
വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ നിന്നാണ് കള്ളനോട്ടും യന്ത്രസാമഗ്രികളും കണ്ടെത്തിയത്. കട്ടിലിനടിയില്‍ നിന്നുമാണ് നോട്ടടിക്കുന്ന പേപ്പറിന്റെ 200 എണ്ണം വീതമുള്ള 74 കെട്ട് കണ്ടെത്തിയത്. രണ്ടായിരം അഞ്ഞൂറ് നോട്ടുകളാണ് അച്ചടിക്കുന്നത്. കണ്ടെത്തിയ തുക പുറത്ത് വിതരണം നടത്തിയ തുക എന്നിവയെ പറ്റി വിശദമായ അന്വേഷണം നടത്തി വരികുകയാണെന്ന് പോലീസ് പറഞ്ഞു.
അത്യാധുനിക യന്ത്രമാണ് നോട്ടടിക്കാന്‍ ഉപയോഗിച്ചത്. അറസ്റ്റിലായ മൂന്ന് പേര്‍ വിവിധ കേസുകളില്‍ ജയില്‍വാസം അനുഭവിച്ചവരാണ്. രാജേഷ് കുമാര്‍ മാസങ്ങള്‍ക്ക് മുമ്പ് മാന്‍വേട്ടയില്‍ കുടുങ്ങിയും വില്‍വര്‍ട്ട് നോട്ടടി കേസിലും വൈശാഖ് കുറ്റ്യാടി ബോംബ് കേസിലുമാണ് ജയിലിലായത്. ജയിലിലെ പരിചയമാണ് മറ്റ് രണ്ടു പേരെയും ബാലുശ്ശേരിയിലെ രാജേഷിന്റെ വീട്ടിലെത്താന്‍ കാരണം. ഏറെ നാളുകളായി ഇരുവരും രാജേഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്. ക്രൈംബ്രാഞ്ച് ബ്യൂറോ സയന്റിഫിക് ഓഫീസര്‍ വി വിനീത് ഫോറന്‍സിക് എഎസ് ഐ ഷനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷമാണ് യന്ത്രസാമഗ്രികളും മറ്റും മാറ്റി പോലീസ് വീട് സീല്‍ ചെയ്തത്.
പരിചയം തുടങ്ങുന്നത് ജയിലില്‍ വെച്ച്;
പിടിയിലായവരില്‍ ബോംബേറ് കേസ് പ്രതിയും
ബാലുശ്ശേരി: കള്ളനോട്ടടി സംഘം ബാലുശ്ശേരിയില്‍ വെച്ച് പിടിയിലായതോടെ കള്ളനോട്ടടി സംഘങ്ങളുടെ പ്രാദേശിക കണ്ണികളെ കുറിച്ചുള്ള സംശയമാണ് ബലപ്പെടുന്നത്. ചൊവ്വാഴ്ച അറസ്റ്റിലായ പ്രതികള്‍ തമ്മിലുള്ള പരിചയം കോഴിക്കോട് ജില്ലാ ജയിലില്‍ വെച്ചാണ്. ഇതില്‍ എറണാകുളം വൈറ്റില സ്വദേശി വില്‍ബര്‍ട്ട് മറ്റൊരു കള്ളനോട്ടടി കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവേയാണ് മറ്റ് രണ്ട് പ്രതികളെ പരിചയപ്പെടുന്നത്.
ചൊവ്വാഴ്ച വില്‍ബര്‍ട്ടിനാപ്പം അറസ്റ്റിലായ ബാലുശ്ശേരി സ്വദേശി രാജേഷ് കുമാര്‍ എന്ന മുത്തുവും, കോഴിക്കോട് നല്ലളം സ്വദേശി വൈശാഖും വ്യത്യസ്ത കേസുകളിലായി കോഴിക്കോട് ജില്ലാ ജയിലില്‍ ഉണ്ടായിരുന്നു.
ബാലുശ്ശേരി സ്വദേശി രാജേഷ് കുമാര്‍ എന്ന മുത്തുവിന്റെ വീട്ടില്‍ വെച്ചാണ് മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാനിറച്ചി കൈവശം വെച്ചതിന് വയനാട്ടില്‍ വെച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് രാജേഷ് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തുന്നത്. നാദാപുരം ബോംബേറ് കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് നല്ലളം സ്വദേശി വൈശാഖ് കോഴിക്കോട് ജയിലില്‍ എത്തുന്നത്.
ആറുമാസംമുമ്പ് ജയിലില്‍ നിന്നിറങ്ങിയ ശേഷവും ഇവര്‍ പരസ്പരം ബന്ധപ്പെടുകയും പുതിയ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നുമാണ് പോലീസിന് ലഭിച്ച സൂചന. മുന്‍പും കള്ളനോട്ടടിച്ചതിന് അറസ്റ്റിലായ എറണാകുളം സ്വദേശി വില്‍ബര്‍ട്ട് ആണ് ബാലുശ്ശേരിയിലെ കള്ളനോട്ടടിയിലെ മുഖ്യസൂത്രധാരന്‍ എന്ന് പോലീസിന് സംശയമുണ്ട്.
അച്ചടി സാമഗ്രികള്‍ ബാലുശ്ശേരിയില്‍ എത്തിയത് വില്‍ബര്‍ട്ട് വഴിയാണ്. പ്രതികള്‍ ഒരു മാസത്തിലേറെയായി ബാലുശ്ശേരിയില്‍ സജീവമാണെന്നാണ് പോലീസിന് ലഭിച്ച സൂചന. അച്ചടിച്ച കള്ളനോട്ടുകള്‍ വിനിമയം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Leave a Reply
You must be logged in to post a comment.