ലൈംഗികപീഡനം: ആകാശവാണി ഉദ്യോഗസ്ഥനെ തരം താഴ്ത്തി,ശമ്പളം വെട്ടിക്കുറച്ചു
ന്യൂഡല്‍ഹി: ലൈംഗികപീഡനാരോപണത്തെ തുടര്‍ന്ന് ആകാശവാണിയിലെ ഉദ്യോഗസ്ഥനെ ജോലിയില്‍ തരം താഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒമ്പത് വനിതാസഹപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് ദേശീയ വനിതാകമ്മീഷന്‍ വെള്ളിയാഴ്ച അറിയിച്ചു.
വനിതാ കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അച്ചടക്ക സമിതി അംഗീകരിക്കുകയും നടപടി സ്വീകരിക്കുകയുമായിരുന്നുവെന്ന് കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ശമ്പളം ഒരു വര്‍ഷം രണ്ടു ഘട്ടമായി വെട്ടിച്ചുരുക്കാനും ആ കാലയളവില്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്നുമാണ് അച്ചടക്കസമിതിയുടെ തീരുമാനം.
നവംബര്‍ 12 നാണ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതി കമ്മീഷന് ലഭിച്ചത്. കേന്ദ്ര വാര്‍ത്താ വിനിമയ വകുപ്പ് സെക്രട്ടറിക്കും പ്രസാര്‍ഭാരതി സിഇഒ യ്ക്കും പരാതിയില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ കത്തയച്ചു. ഇതിനെ തുടര്‍ന്ന് അന്വേഷണത്തിനായി അച്ചടക്കസമിതിയെ നിയമിച്ചു.
പരാതിയെ തുടര്‍ന്ന് പ്രസാര്‍ ഭാരതി വനിതാ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ഗതാഗതസൗകര്യം ഒരുക്കുകയും സ്റ്റേഷന്‍ ഇന്‍ ചാര്‍ജായി വനിത ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു. ലൈംഗികപീഡന പരാതികള്‍ കൃത്യമായി അന്വേഷിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളും പ്രസാര്‍ ഭാരതി നല്‍കിയിട്ടുണ്ട്.
ആകാശവാണിയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനിതാ-ശിശു ക്ഷേമ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി മനേക ഗാന്ധി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന് നവംബര്‍ ഒമ്പതിന് കത്തയച്ചിരുന്നു.
Content Highlights: All India Radio Employee Found Guilty of Harassing 9 Co-Workers, Demoted With Pay Cut,#Me Too
Leave a Reply
You must be logged in to post a comment.