രാഹുല്‍ ഗാന്ധിയുടേത് 'പെയ്ഡ്' അഭിമുഖം; തിര.കമ്മീഷൻ നടപടിയെടുക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. വ്യാഴാഴ്ച പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വെള്ളിയാഴ്ചയാണ് രാഹുലിനെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് ബിജെപി കമ്മീഷനെ സമീപിച്ചത്.
രാഹുല്‍ പണം നൽകിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും തെലങ്കാനയിലേയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടു മുമ്പായി വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും വേണ്ടിയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും ബിജെപി ആരോപിച്ചു. വെള്ളിയാഴ്ചയായിരുന്നു ഈ രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാതിരഞ്ഞെടുപ്പ് നടന്നത്.
കേന്ദ്ര മന്ത്രിമാരായ ജെ പി നഡ്ഡ, മുഖ്താര്‍ അബ്ബാസ് നഖ്വി, ബിജെപി മാധ്യമവിഭാഗത്തലവന്‍ അനില്‍ ബലൂനി എന്നിവരാണ് അഭിമുഖത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ കമ്മീഷനില്‍ പരാതി നല്‍കിയത്. തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമാണിതെന്നും വോട്ടെടുപ്പിനു 48 മണിക്കൂര്‍ സമയം വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ളതൊന്നും പ്രസിദ്ധീകരിക്കാന്‍ പാടില്ലയെന്നും പരാതി നല്‍കിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നഖ്വി പറഞ്ഞു.
രാഹുലിനെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപിക്ക് പ്രതികൂലാവസ്ഥയാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും തിരഞ്ഞെടുപ്പ് പൂര്‍വ സര്‍വേ സൂചന നല്‍കുന്നുവെന്ന് രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാനിടയാക്കുന്നതാണെന്നും ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ബിജെപി ആരോപിക്കുന്നു.
Content Highlights: BJP approaches EC; accuses Rahul Gandhi of using paid news to influence voters, BJP,Rahul Gandhi
Leave a Reply
You must be logged in to post a comment.