Home » രത്‌നവ്യാപാരി ചമഞ്ഞ് പണം തട്ടിപ്പ്; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

രത്‌നവ്യാപാരി ചമഞ്ഞ് പണം തട്ടിപ്പ്; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം: രത്‌നവ്യാപാരി ചമഞ്ഞ് ഓട്ടോ ഡ്രൈവറില്‍ നിന്ന് പണം തട്ടിയെടുത്തയാളെ മലപ്പുറത്ത് പോലീസ് പിടികൂടി. വെന്നിയൂര്‍ സികെ പടിയിലെ മായന്‍ ഷറഫുദ്ദീനെ(40)യാണ് മലപ്പുറം എസ്ഐ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.

രാമപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഓട്ടം വിളിക്കുകയും രത്നങ്ങള്‍ ജ്വല്ലറികളിലേക്കെത്തിക്കുന്ന ആള്‍ ജോലി ഉപേക്ഷിച്ചു പോയെന്നും വിശ്വസിക്കാവുന്ന ഒരാളെ ജോലിക്കാവശ്യമുണ്ടെന്ന് പറയുകയും ഓട്ടോ ഡ്രൈവര്‍ ജോലിക്ക് സമ്മതിച്ചപ്പോള്‍ സെക്യൂരിറ്റി, ഐഡന്റിറ്റി കാര്‍ഡ് ചാര്‍ജ് എന്നിവയ്ക്കായി 12,500 രൂപ വാങ്ങിയെന്നുമാണ് പരാതി.

മലപ്പുറത്തുവച്ച് പണം കൈമാറിയപ്പോള്‍ നല്‍കിയ പൊതി മണ്ണാര്‍ക്കാടുള്ള ജ്വല്ലറിയില്‍ എത്തിക്കണമെന്നും അവിടെവച്ച് സെക്യൂരിറ്റിത്തുക തിരിച്ചു ലഭിക്കുമെന്നും പ്രതി പറഞ്ഞു. മണ്ണാര്‍ക്കാട്ട് ഇങ്ങനെ ഒരു ജ്വല്ലറി കണ്ടെത്താനാകാതെ മടങ്ങിയ പരാതിക്കാരന്‍ പൊതി അഴിച്ചു നോക്കിയപ്പോഴാണ് പൊതിയില്‍ മുറിവു കെട്ടുന്ന ബാന്‍ഡേജാണെന്നും വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായത്.

ഉടന്‍ തന്നെ സുഹൃത്തിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും പ്രതിയുടെ ഫോട്ടോ അടങ്ങുന്ന സിസിടിവി ദൃശ്യം പോലീസിനു കൈമാറുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെ, നാട്ടുകാരനായ ഒരാള്‍ വശം തട്ടിയെടുത്ത തുക പ്രതി ഇന്നലെ പോലീസ് സ്റ്റേഷനിലേക്ക് കൊടുത്തയയ്ക്കുകയായിരുന്നു. ഇയാളെ പിടിച്ചുവച്ച് പ്രതിയെ നാട്ടില്‍ എത്തിച്ച് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ കണ്ട് പ്രതി സ്‌കൂട്ടറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.

പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചുപിടിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഓഫിസര്‍ എ പ്രേംജിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

ഇതിനിടെ മൈലപ്പുറം സ്വദേശിയായ മറ്റൊരാളും സമാന തട്ടിപ്പിനിരയായതായി മലപ്പുറം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മക്കരപ്പറമ്പ് സ്വദേശിയില്‍നിന്നു പ്രതി കോഴിക്കോട്വച്ച് 18,000 രൂപ തട്ടിപ്പു നടത്തിയതായി പറഞ്ഞെങ്കിലും ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല

The post രത്‌നവ്യാപാരി ചമഞ്ഞ് പണം തട്ടിപ്പ്; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍ appeared first on BIGNEWSLIVE | Latest Malayalam News.

Original Article

Leave a Reply