യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; സിറിയന്‍ പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ
വാഷിങ്ടണ്‍: സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക തീരുമാനിച്ചതിന് തൊട്ടുപിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തേത്തുടര്‍ന്നാണ് രാജി എന്നാണ് സൂചന. എന്നാല്‍ ഫെബ്രുവരിയില്‍ മാറ്റിസ് വിരമിക്കുമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.
സിറിയയില്‍ നിന്നുള്ള പിന്മാറ്റം അമേരിക്കന്‍ രാഷ്ട്രീയ രംഗത്ത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെ പെട്ടെന്നായിരുന്നു ട്രംപിന്റെ പിന്മാറ്റ പ്രഖ്യാപനം എന്ന വിമര്‍ശനവും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപിന്റെ വിശ്വസ്തനായ മാറ്റിസിന്റെ പിന്മാറ്റം.
സഖ്യ കക്ഷികളോടുള്ള സമീപനവും, പ്രതിരോധനയവും സംബന്ധിച്ച് തന്റെ വീക്ഷണം വ്യക്തമാക്കിക്കൊണ്ടാണ് മാറ്റിസ് ട്രംപിന് രാജിക്കത്ത് നല്‍കിയത്. വിശദാംശങ്ങള്‍ പിന്നീട് പെന്റഗണ്‍ പുറത്തുവിട്ടു.
സ്വന്തം വീക്ഷണവുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന പ്രതിരോധ സെക്രട്ടറിയെ നിയമിക്കാന്‍ ട്രംപിന് അവകാശമുണ്ട്. ഇതാണ് ഈ സ്ഥാനത്തു നിന്ന് ഇറങ്ങാന്‍ പറ്റിയ സമയമെന്ന് കരുതുന്നു- മാറ്റിസ് രാജിക്കത്തില്‍ വ്യക്തമാക്കുന്നു. പുതിയ പ്രതിരോധ സെക്രട്ടറിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.
മുന്‍ മറൈന്‍ കോര്‍പ്‌സ് ജനറലായിരുന്ന ജിംമാറ്റിസ് 26ാമത് പ്രതിരോധ സെക്രട്ടറിയായി 2017 ജനുവരി 20നാണ് നിയമിതനാകുന്നത്.
content highlights: US Defence Secretary Jim Mattis resigns day After Trump Announces Syria Pullout
Leave a Reply
You must be logged in to post a comment.