Home » യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരീക്ഷിച്ചത് പ്രതിമാസം 9000 ഫോണുകള്‍, വിവരങ്ങള്‍ പുറത്ത്

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരീക്ഷിച്ചത് പ്രതിമാസം 9000 ഫോണുകള്‍, വിവരങ്ങള്‍ പുറത്ത്

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരീക്ഷിച്ചത് പ്രതിമാസം 9000 ഫോണുകള്‍, വിവരങ്ങള്‍ പുറത്ത്

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരീക്ഷിച്ചത് പ്രതിമാസം 9000 ഫോണുകള്‍, വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 9000 ഫോണുകളും 500 ല്‍ അധികം ഇ മെയിലുകളും കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചിരുന്നുവെന്ന വിവരങ്ങള്‍ പുറത്ത്. വിവരാവകാശ നിയമ പ്രകാരം പ്രസൊന്‍ജിത് മണ്ഡല്‍ എന്നയാള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍ ഉള്ളത്.

2013 ല്‍ ശരാശരി 7500 മുതല്‍ 9000 ടെലിഫോണുകളും 300 മുതല്‍ 500 വരെ ഇ മെയിലുകളും നിരീക്ഷിക്കാനുള്ള ഉത്തരവുകള്‍ ഓരോ മാസവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടിയില്‍ പറയുന്നു.

നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ്, സി.ബി.ഐ, എന്‍.ഐ.എ, റോ, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരാണ് നിരീക്ഷണം നടത്തിയിരുന്നതെന്നും മറുപടിയില്‍ പറയുന്നു.

രാജ്യത്തെ കംപ്യൂട്ടറുകളും ഫോണുകളും നിരീക്ഷിക്കാന്‍ അന്വേഷണ ഏജന്‍സികളെ അനുവദിക്കുന്ന കേന്ദ്ര ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അതേസമയത്താണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

2000ലെ ഐ.ടി.ആക്ടിന്റെ 69(1))വകുപ്പും 2009-ലെ ചട്ടത്തിലെ നാലാംചട്ടവും ഭേദഗതി ചെയ്താണ് പുതിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മുന്‍കാലങ്ങളില്‍ ആഭ്യന്തരസെക്രട്ടറിയുടെ അനുവാദത്തോടെ ഫോണ്‍ ചോര്‍ത്തലിന് മാത്രമാണ് ഏജന്‍സികളെ അനുവദിച്ചിരുന്നത്. 2011-ല്‍ ഉത്തരവ് പരിഷ്‌കരിച്ച് സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ പരിശോധിക്കാനുള്ള അധികാരവും നല്‍കി. അതിനുശേഷം ആദ്യമായാണ് ഉത്തരവ് പരിഷ്‌കരിക്കുന്നത്.

അന്വേഷണ ഏജന്‍സികളുടെ പരിശോധനയുമായി സഹകരിക്കാനോ സാങ്കേതിക സഹായം നല്‍കാനോ വിസ്സമ്മതിക്കുന്ന വ്യക്തികള്‍ക്കും സേവനദാതാക്കള്‍ക്കും ഏഴുവര്‍ഷം തടവും പിഴയും വിജ്ഞാപനത്തില്‍ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തിനും വിഘാതമാവുന്നതോ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് സര്‍ക്കാരിന് തോന്നുന്നതോ ആയ കാര്യങ്ങളില്‍ പരിശോധനയ്ക്കാണ് ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

ഒരാളുടെ ലാപ്‌ടോപിലോ ഐപാഡിലോ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണിലോ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ പ്രാപ്യമാകും. ഇത് വാട്സാപ്പ് ചാറ്റും കോളുമടക്കമുള്ളവയുടെ പരിശോധനയ്ക്കും ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. എന്നാല്‍, ഓരോ വ്യക്തിയുടെ കാര്യത്തിലും അന്വേഷണ ഏജന്‍സികള്‍ മുന്‍കൂട്ടി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങേണ്ടതുണ്ടെന്നാണ് മന്ത്രാലയം ഇപ്പോള്‍ വിശദീകരിക്കുന്നത്.

Content Highlights: 9,000 phones, 500 emails intercepted each month under UPA Reveled by RTI

Original Article

Leave a Reply