Home » മുണ്ട്‌ കോമഡിയുടെ കഥ; മണിച്ചിത്രത്താഴിന്റെ രസകരമായൊരു ഓര്‍മ

മുണ്ട്‌ കോമഡിയുടെ കഥ; മണിച്ചിത്രത്താഴിന്റെ രസകരമായൊരു ഓര്‍മ

മുണ്ട്‌ കോമഡിയുടെ കഥ; മണിച്ചിത്രത്താഴിന്റെ രസകരമായൊരു ഓര്‍മ

മുണ്ട്‌ കോമഡിയുടെ കഥ; മണിച്ചിത്രത്താഴിന്റെ രസകരമായൊരു ഓര്‍മ

തിരക്കഥാരചന പുരോഗമിക്കുന്നതിനിടയിൽ ഫാസില്‍ മധുവിനോട് (മധു മുട്ടം) പറഞ്ഞു. ഇന്റര്‍വെൽ കഴിഞ്ഞ് പ്രേക്ഷകരോട് നമ്മള്‍ വിശ്വസിക്കാന്‍പറ്റാത്ത പലതും പറയാന്‍ പോവുകയാണ്. കാട്ടിക്കൊടുക്കാന്‍ പോവുകയാണ്. അവരുടെ പിരിമുറുക്കം കൂട്ടാന്‍പോവുകയാണ്. അതിനുമുന്‍പ് അവര്‍ക്കൊരു ചായ കൊടുക്കണ്ടേ? ഒരു ഹ്യൂമര്‍. സണ്ണി പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇറങ്ങും മുന്‍പ് ഒരു ഹ്യൂമര്‍ സീന്‍ വേണം.

മധുവിന്റെ എപ്പോഴത്തെയും ബലഹീനതയാണ് ഹ്യൂമര്‍. ധൃതിയില്‍ മധു മുറിയിലേക്ക് പോയി. സന്ധ്യയോടെയാണ് തിരിച്ചുവന്നത്. എഴുതിയ സീന്‍ കയ്യില്‍ തന്നു. അതെന്നെ നോക്കി അടക്കിയടക്കി ചിരിക്കാൻ തുടങ്ങി. അപ്പുറത്തെ കുളിമുറിയില്‍ നിന്ന് കെ.പി.എ.സി. ലളിതയുടെ ശബ്ദം ആരാടീ എന്റെ മുണ്ടെടുത്തത്? ഇപ്പുറത്തെ കുളിമുറിയില്‍ നിന്ന് മോഹന്‍ലാലിന്റെ പെണ്‍ശബ്ദം. എടിയല്ല. പിന്നെ. പുരുഷശബ്ദം. എടാ ആണ് എടാ. അങ്ങനെയാണ് ആ മുണ്ട്‌കോമഡിയുടെ ജനനം. ആ സീനില്‍ ലളിതചേച്ചിയുടെ ശബ്ദം മാത്രമേ വേണ്ടൂ. സാന്നിധ്യം ആവശ്യമില്ല.

ഈ സീന്‍ ഷൂട്ടൊക്കെ കഴിഞ്ഞ് ഡബ്ബിങ്ങിനായി ചെന്നൈയില്‍ എത്തി. ഞാനന്ന് ഡബ്ബിങ് തിയേറ്ററില്‍ ഇല്ല. ലളിതചേച്ചി ഓരോ സീനും വായിച്ച് തുടക്കം മുതലേ ഡബ്ബ്‌ ചെയ്തുവരുകയാണ്. വന്ന് വന്ന് കുളിമുറിസീന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ചേച്ചി ഒന്നമ്പരന്നു. ''ഇതേത് സീന്‍? എപ്പോ എടുത്തു? ഞാനറിഞ്ഞില്ലല്ലോ.'' ചേച്ചി പരിഭവിക്കുകയാണോ, തമാശ പറയുകയാണോയെന്ന് സഹസംവിധായകര്‍ക്ക് പിടികിട്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ചേച്ചി പിണങ്ങിമാറി ഇരുന്നുകളഞ്ഞു.

fazil
മണിച്ചിത്രത്താഴും മറ്റ് ഓർമകളും വാങ്ങാം

''എന്നോട് പറയാതെ എന്തിനാ എന്റെ സീന്‍ എടുത്തത്. എല്ലാവരും കൂടെ എന്നെ ഒഴിവാക്കി, ഒളിച്ചുപോയി എന്റെ സീന്‍ എടുത്തു അല്ലേ? ഞാന്‍ അഭിനയിച്ചിട്ടില്ലാത്ത സീന്‍ ഞാനെന്തിന് ഡബ്ബ്‌ചെയ്യണം. അപ്പോ ഡബ്ബ്‌ചെയ്യണമെങ്കില്‍ അതിന് വേറെ കാശ് തരണം''. അസോസിയേറ്റ് ഡയറക്ടര്‍ ഷാജി മെല്ലെ മയപ്പെടുത്താൻ ശ്രമിച്ചു. ''ചേച്ചി ഡയറക്ടര്‍ ചെയ്തത് നല്ലൊരു കാര്യമല്ലേ?'' ചേച്ചി ചോദിച്ചു. ''എന്ത് നല്ല കാര്യം.'' ഷാജി പറഞ്ഞു. ''ഈ സിനിമയില്‍ ചേച്ചീടെ കുളിസീന്‍ ഇടാത്തത് നല്ല കാര്യമല്ലേ?'' ചേച്ചി ചിരിച്ചുപോയി. പിന്നെ, ''ശരിയാ ഞാനത് ഓര്‍ത്തില്ലാ'' എന്നും പറഞ്ഞ് സീന്‍ ഡബ്ബ്‌ ചെയ്തു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ സിനിമ – അപ്പച്ചന്‍

ഒരു സംവിധായകന്റെയും നിര്‍മാതാവിന്റെയും കരിയറില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചില സിനിമകള്‍ സംഭവിക്കും. മണിച്ചിത്രത്താഴ് എനിക്ക് അങ്ങനെയാണ്. 1993 നവംബർ 1-ന് ഷൂട്ടിങ് തുടങ്ങി, ഡിസംബർ 23-ന് തിയേറ്ററുകളിലെത്തിച്ച സിനിമ വലിച്ചുനീട്ടി നൂണ്‍ഷേ അല്ലാതെ ദിവസേന നാല് പ്രദര്‍ശനങ്ങള്‍ വീതം 366 ദിവസം തിരുവനന്തപുരം ശ്രീകുമാറില്‍ പ്രദര്‍ശിപ്പിച്ചു.

ഇരുപത്തഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ മാസ്മരികത എന്താണെന്ന് പിടികിട്ടാത്ത സിനിമയാണത്. പൂര്‍ത്തിയാക്കിയ സ്‌ക്രിപ്റ്റ്, എല്ലാ ആർട്ടിസ്റ്റുകളുടെയും സംവിധായകരുടെയും സഹായം, അങ്ങനെ നല്ലൊരു ടീം വര്‍ക്കായതിനാൽ നിര്‍മാണം വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെപോയി. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തിക്കണമെന്ന വാശി സംവിധായകനും നിര്‍മാതാവിനും ഉണ്ടായിരുന്നു. കഥ കേട്ടപ്പോഴും അതിന്റെ സ്‌ക്രിപ്റ്റും കഥയും വികസിക്കുന്നതിനുമൊക്കെ ഫാസിലിനൊപ്പം പലപ്പോഴും ഞാനും ഉണ്ടായിരുന്നു. വിജയിക്കുന്നൊരു ചിത്രം ആയിരിക്കുമെന്ന് അപ്പോഴൊക്കെ തോന്നിയിരുന്നെങ്കിലും ഇത്ര വലിയ വിജയമായിരിക്കുമെന്നോ 25 വരഷം കഴിഞ്ഞാലും കൊണ്ടാടപ്പെടുമെന്നോ അന്ന് കരുതിയിരുന്നില്ല. ഗോഡ്ഫാദര്‍, അനിയത്തിപ്രാവ് തുടങ്ങി തന്റെ കരിയറില്‍ വിജയങ്ങള്‍ നല്‍കിയ ചിത്രങ്ങള്‍ ഏറെയുണ്ട്. ഇതുപക്ഷേ, ദേശീയാംഗീകാരംവരെ എത്തിച്ച് കരിയറിലെ ഏറ്റവും തിളക്കമാർന്ന വിജയമായി. നിത്യയൗവനത്തോടെ നിൽക്കുന്നന്ന സിനിമയായി.

mudhu muttam fazil
മധു മുട്ടം, ഫാസില്‍

അതുപോലെ നമുക്ക് അഭിമാനിക്കാവുന്ന ഒരുകാര്യം ഈ ചിത്രം തമിഴിലും ഹിന്ദിയിലും കന്നഡയിലും റീമേക്ക് ചെയ്തപ്പോള്‍ അവിടെയെല്ലാം വിജയിച്ചു. പക്ഷേ, ശോഭന അവതരിപ്പിച്ച ഗംഗയെ അത്ര മനോഹരമായി ഒരു നടിക്കും അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിഞ്ഞില്ല. ശോഭനയ്ക്ക് കിട്ടിയ ദേശീയപുരസ്‌കാരത്തിന് അങ്ങനെയും തിളക്കമേറുന്നു. എല്ലാ അര്‍ഥത്തിലും ഞാന്‍ ആദ്യം പറഞ്ഞപോലെ എനിക്കിത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സിനിമയാണ്.

മധുമാനസത്തിന്റെ മണിച്ചിത്രത്താഴ്

എന്നെന്നും കണ്ണേട്ടനും കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടിയും സിനിമയാക്കുമ്പോള്‍ കഥയും കഥാപാത്രങ്ങളും സിനിമയ്ക്കുവേണ്ടി സംവിധായകനും സഹസംവിധായകരുമെല്ലാം ചേര്‍ന്ന് മാറ്റിമറിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നിയിരുന്നു. എന്നാല്‍ ശാഠ്യങ്ങളൊന്നുമില്ലാതെ അതിന് മൂകസാക്ഷിയായി ഇരിക്കുകയായിരുന്നു ഞാന്‍. ഇനി എഴുതുന്നൊരു വിഷയം ഇവരെടുത്താല്‍ കുഴഞ്ഞുപോവണം. എന്റെ സാന്നിധ്യത്തിലല്ലാതെ അത് അഴിച്ചുപണിയാന്‍ പറ്റരുത് എന്നെനിക്കുതോന്നി. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ പ്രാരംഭചിന്ത അത്തരമൊരു വികാരത്തില്‍ നിന്നാണ്. എന്റെ ചിന്തകളിലും പിന്നീട് നടന്ന ചര്‍ച്ചകളിലും തുടക്കം മുതലേ ഫാസിലിന് ഹരംതോന്നി. ഉന്മേഷംതോന്നി. പലരും ഈ കഥ ശരിയാവില്ല, മാറ്റണം എന്നൊക്കെ പറഞ്ഞെങ്കിലും ഫാസിൽ ഇതില്‍ പൂര്‍ണമായും മുഴുകിയിരുന്നു. പൂര്‍ണമായും വിശ്വാസം വന്നിരുന്നു. ഞാന്‍ വലിച്ചുവാരി എഴുതിയ പല സീനുകളും വിദഗ്ധമായി എഡിറ്റ് ചെയ്തു. കൂട്ടിച്ചേര്‍ക്കേണ്ട സീനുകളെപ്പറ്റി പറയുമ്പോള്‍ അത് ഇതില്‍ സ്വാഭാവികമായി ഉരുത്തിരിയുന്നുണ്ടല്ലോ എന്നെനിക്കുതോന്നി. അങ്ങനെയൊക്കെയായിരുന്നു ഇതിന്റെ രചനാനിമിഷങ്ങള്‍.

ഇതിന്റെ ഇരുപത്തഞ്ചാം വര്‍ഷം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാനതില്‍ അഭിരമിക്കുന്നില്ല. എഴുതുമ്പോള്‍ അനുഭവിക്കുന്ന കൗതുകങ്ങളാണ് എനിക്ക് പ്രിയം. അത് കാഴ്ചകളിലൂടെ അവതരിപ്പിക്കുകയും പ്രേക്ഷക മനസ്സില്‍ എത്തിക്കുകയും ചെയ്യുന്ന സംവിധായകന്‍ തന്നെയാണ് സിനിമയില്‍ പ്രധാനി. ചില ദുരൂഹതകള്‍ സൃഷ്ടിക്കുക, അതിങ്ങനെ അഴിച്ചെടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുക എന്നതാണ് ഞാന്‍ അനുഭവിച്ച ആനന്ദം. ഞാന്‍ രാത്രിയില്‍ അങ്ങോട്ട് പോവുമ്പോള്‍ എന്നുപറയുമ്പോ അടുത്തിരിക്കുന്ന ആരുമൊന്ന് ശ്രദ്ധിക്കും. ഇവിടെ ഞാന്‍ ഉണ്ട്. ഞാൻ അല്ലാത്തതും ഉണ്ട്. അഹന്തയും ഇദന്തയും. ഇത് എന്താണ് എന്ന ചോദ്യം അതൊരു കടംകഥയാണ്. അതിനുള്ള ഉത്തരംതേടലാണ് മനുഷ്യജീവിതത്തിന്റെ എന്‍ജിന്‍ റൂം. അങ്ങനെയുള്ള സഞ്ചാരംതന്നെയാണ് എന്നെ കഥകളിലെത്തിക്കുന്നത്.

പിന്നെ ഇതെല്ലാം സമൂഹത്തിന്റെ ഉപബോധമനസ്സിലുള്ള കാര്യങ്ങളാണ്. പലരും പലരീതിയിലായിരിക്കും അത് പറയുന്നത്. അത് നല്ലവണ്ണം പഠിച്ച് കാഴ്ചയിലേക്ക് പരിഭാഷപ്പെടുത്തുന്നു. ഹ്യൂമറൊക്കെ എല്ലാവരിലും ഉണ്ട്. രസിക്കാനുള്ള താത്പര്യം ഉണ്ട്. കഥപാത്രങ്ങള്ക്ക് ഒരു വ്യക്തിത്വം വന്നാല്‍ അവര്‍ പെരുമാറിത്തുടങ്ങുമ്പോള്‍ നമ്മുടെ ഉപബോധത്തില്‍ നിന്ന് പലതും പകരും. പിന്നെ കഥാപാത്രങ്ങളും നമുക്ക് പലതും പറഞ്ഞുതരും. ചില നടന്മാര്‍ ഇത് അവതരിപ്പിക്കുമ്പോള്‍ മേലോട്ടോ താഴോട്ടോ പോയെന്നിരിക്കും. പക്ഷെ, ഇതിൽ എല്ലാം ഒത്തുവന്നു.

കഥകേട്ട 98 ശതമാനം പേരും ഇത് ശരിയാവില്ല, പിടികിട്ടുന്നില്ല എന്നൊക്കെയായിരുന്നു പറഞ്ഞത്. പക്ഷേ, ഫാസിലിന് സംശയമൊന്നും ഉണ്ടായിരുന്നില്ല. ചിത്രം ഇറങ്ങി 25 കൊല്ലമായെന്നതിനെക്കാൾ ഇതിനുണ്ടായ തുടര്‍ക്കഥകള്‍ എന്നെ അദ്ഭുതപ്പെടുത്തുന്നു. രാഘവന്‍ എന്നൊരു കഥാപാത്രം ഇതിലുണ്ട്. അയാളെവിടെപ്പോയി, ഗംഗയിൽ നാഗവല്ലി ശമിച്ചില്ല. അവളുടെ ഗര്‍ഭത്തിലുണ്ടായിരുന്ന കുട്ടിയിലേക്കത് പടര്‍ന്നു. ആ കുട്ടിയുടെ കഥ എന്നിങ്ങനെ പത്തിരുപത്താറ് കഥ ഞാൻ കണ്ടു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചിന്തകള്‍ കാണുമ്പോള്‍ അത് വിനാശകരമല്ലേ എന്നുതോന്നാറുണ്ട്. അവരുടെ ഭാവനാശേഷിയുടെ നല്ലകാലം നഷ്ടപ്പെട്ട് പോവുകയല്ലേ എന്ന വ്യഥ.

ആലുമൂടില്‍ തറവാടും അവിടെ നടന്ന കൊലപാതകവും നേരിട്ടല്ലെങ്കിലും ഈ കഥയ്ക്ക് പ്രചോദനമായിട്ടുണ്ടാവാം. അതേപ്പറ്റി ഒരുപാട് കിംവദന്തികള്‍ നാട്ടിലുണ്ടായിരുന്നു. പല പല വ്യാഖ്യാനങ്ങള്‍. അതൊക്കെ മനസ്സിലുണ്ടാവാം. പക്ഷേ, അതിന്റെ റിപ്പോര്‍ട്ടിങ് അല്ലല്ലോ സിനിമ.

Content Highlights: manichitrathazhu movie 25 th year Fazil mohanlal sobhana suresh gopi manichitrathazhu mattu ormakalu

Original Article

Leave a Reply