മിന്നലാക്രമണത്തിന് അമിതപ്രചാരണം നല്‍കുന്നത് നല്ലതല്ലെന്ന് മുൻ സൈനിക ഉപമേധാവി
ചണ്ഡീഗഡ്: 2016 ലെ മിന്നലാക്രമണത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്ന് റിട്ട. ലഫ്. ജനറല്‍ ഡി.എസ്.ഹൂഡ. മിന്നലാക്രമണത്തിന് ആവശ്യത്തിലധികം പ്രചാരണം നല്കി. കാര്യങ്ങളെ വല്ലാതെ പര്‍വതീകരിക്കുകയാണ് ചെയ്തത്. ഇതൊരിക്കലും സൈന്യത്തിന് ഗുണകരമാവില്ലെന്നും ഹൂഡ അഭിപ്രായപ്പെട്ടു. മിന്നലാക്രമണം നടത്തുമ്പോള്‍ വടക്കൻ കമാൻഡിന്റെ മേധാവിയായിരുന്നു ഹൂഡ.ചണ്ഡീഗഡില്‍ മിലിട്ടറി ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഞാന്‍ കരുതുന്നത് മിന്നലാക്രമണത്തിന്മേല്‍ വളരെയധികം പ്രചാരണം നടന്നു എന്നാണ്. മിന്നലാക്രമണം അത്യാവശ്യമായിരുന്നു. ഞങ്ങള്‍ക്കത് ചെയ്‌തേ മതിയാകുമായിരുന്നുള്ളു. ഇപ്പോഴത് വല്ലാതെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അത് നല്ലതിനാണോ അല്ലയോ എന്ന് രാഷ്ട്രീയക്കാര്‍ മറുപടി പറയേണ്ടിയിരിക്കുന്നു''. ഹൂഡ അഭിപ്രായപ്പെട്ടു.
വിജയത്തെക്കുറിച്ച് ആവേശമുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അതേ വിജയത്തിന് അമിതപ്രചാരണം കൊടുക്കുന്നതും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതും ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. മിന്നലാക്രമണങ്ങള്‍ അങ്ങേയറ്റം രഹസ്യമായി നടപ്പാക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഹൂഡ അഭിപ്രായപ്പെട്ടു.
content highlights: 2016 Surgical strike, Surgical Strike overhype, Retired Indian Army Lieutenant General D S Hooda, India-Pakistan
Leave a Reply
You must be logged in to post a comment.