Home » മാമൻ്റെയും കുഞ്ഞാവയുടെയും കുസൃതിക്കഥകളുമായി ‘കുട്ടിമാമ’

മാമൻ്റെയും കുഞ്ഞാവയുടെയും കുസൃതിക്കഥകളുമായി ‘കുട്ടിമാമ’

മാമൻ്റെയും കുഞ്ഞാവയുടെയും കുസൃതിക്കഥകളുമായി ‘കുട്ടിമാമ’

ഇന്ന് 'പെങ്ങളുടെ മക്കളും പത്തിമാമനും' ട്രോളുകളിലെ സ്ഥിരംകാഴ്ചകളാണ്. ഇതേ ആശയം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദൃശ്യാവിഷ്കരിച്ച് എത്തുകയാണ്. 'കുട്ടിമാമ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന വെബ് സീരീസിന് നാളെ തുടക്കമാകും. സുഹൃത്തുക്കൾ ചേര്‍ന്ന് ഒരുക്കിയ പ്രൊഡക്ഷൻ കമ്പനി ആയ ആഡ് ലാബ് പ്രൊഡക്ഷൻസാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. മീര രാമചന്ദ്രനാണ് ഈ മിനി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. കുര്യാച്ചൻ മാനുവേലാണ് 'കുട്ടിമാമ'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
'ഡിസംബര്‍ ഒൻപത് രാവിലെ ഒൻപത് മണിയോടെയാണ് 'കുട്ടിമാമ' മിനി വെബ് സീരീസ് ടെലികാസ്റ്റിങ് ആരംഭിക്കുക. സമകാലിക പ്രശ്നങ്ങൾ കോര്‍ത്തിണക്കിയാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ എത്രത്തോളം എപ്പിസോഡ് വേണമെങ്കിലും പോകാമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. തികച്ചും തമാശ കലര്‍ത്തിയാണ് 'കുട്ടിമാമ' ഒരുക്കിയിരിക്കുന്നത്.'
'കുട്ടിയായി അഭിനയിക്കുന്നത് നിയോണ എന്ന കുട്ടിയാണ്. മാമനായി അഭിനയിച്ചിരിക്കുന്നത് അരവിന്ദ് ആണ്.'
'കുട്ടികളാകുമ്പോൾ അവര്‍ക്ക് എന്തിനോടും സ്വാഭാവികമായുണ്ടാകാവുന്ന സംശയങ്ങൾ ഇതിൽ ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പുതിയ തലമുറയിൽ പെട്ട ഒരു മാമൻ്റെ അടുത്ത് കുട്ടിയുടെ ഇത്തരം സംശയങ്ങളുമായി വരുമ്പോൾ ഉണ്ടാകാവുന്ന സന്ദര്‍ഭമാണ് വെബ് സീരീസായി ഒരുക്കിയിട്ടുള്ളത്'. സംവിധായിക മീര രാമചന്ദ്രൻ 'സമയം മലയാള'ത്തിനോട് വ്യക്തമാക്കി.
'ഇവര്‍ രണ്ടു പേരും മാത്രമല്ല, ഓരോ എപ്പിസോഡ് മാറുമ്പോഴും ഇവരുമായി ബന്ധപ്പെട്ടുള്ള ഓരോരുത്തരും 'കുട്ടിമാമ'യിലേക്ക് കടന്ന് വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് 'കുട്ടിമാമ'യെ പറ്റിയുള്ള ചിന്ത കടന്നു വന്നത്. 2016 അവസാനം 2017 തുടക്കത്തോടെ പഠനത്തിൻ്റെ ഭാഗമായുള്ള പ്രൊജക്ടിന് ഈ വിഷയം തെരഞ്ഞെടുക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ അതിലൊരു വെബ് സീരീസിന് സാധ്യതയുണ്ടെന്ന് കണ്ടതോടെ അതിനായി പരിശ്രമം ആരംഭിക്കുകയായിരുന്നു. പ്രൊജക്ടായി വെച്ചതും ഇത് തന്നെയായിരുന്നു.' മീര പറയുന്നു.
'സുഹൃത്തുക്കൾ തന്നെയാണ് അണിയറയിൽ പ്രവര്‍ത്തിച്ചിരിക്കുന്നവരെല്ലാവരും തന്നെ. സിനിമാ സ്വപ്നം കണ്ട് നടക്കുന്ന ഒരുകൂട്ടം പേരുടെ പ്രയത്ന ഫലമാണ് നാളെ പുറത്തിറങ്ങാനിരിക്കുന്ന 'കുട്ടിമാമ'. ലാലേട്ടൻ എന്ന വലിയ ഒരു ഫാക്ടര്‍ കുട്ടിമാമയുടെ വലിയ നട്ടെല്ലാണെന്ന് പറയാം. ലാലേട്ടൻ കാരണമാണ് 'കുട്ടിമാമ' ഇവിടെ വരെ എത്തിയതു പോലും. എന്താണ് അതെന്നുള്ളത് കഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടെയുള്ളവരെല്ലാം വലിയ ലാലേട്ടൻ ആരാധകരുമാണ്.'
'അഞ്ച് മിനിറ്റായിരിക്കും വെബ് സീരീസിൻ്റെ ദൈര്‍ഘ്യം. ചെറിയ മുതൽ മുടക്കിലാണ് വെബ് സീരീസ് ഒരുക്കിയിട്ടുള്ളത്'. മീര ഞങ്ങളോട് വ്യക്തമാക്കി.
ഡോൺ ജോസ് ആണ് 'കുട്ടിമാമ' നിര്‍മ്മിച്ചിരിക്കുന്നത്. ശ്യാം കൃഷ്ണൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ജോൺസൺ പീറ്റര്‍ പശ്ചാത്തല സംഗീതവും സുജിത് സുരേന്ദ്ര ചിത്രസംയോജനവും സൗണ്ട് ഡിസൈനും കൈകാര്യം ചെയ്തിരിക്കുന്നു.
Original Article

Leave a Reply