Home » മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും

മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും

മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും

മരണാനന്തരം ലൈസാമ്മയുടെ അഞ്ച് അവയവങ്ങള്‍ രോഗികള്‍ക്ക് പുതുജീവനേകും

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച ലൈസാമ്മ(50)യുടെ ശരീരത്തില്‍ നിന്ന് രോഗികള്‍ക്ക് പുതുജീവനേകാന്‍ നല്‍കിയത് ഹൃദയവും ശ്വാസകോശവുമുള്‍പ്പെടെ അഞ്ച് അവയവങ്ങള്‍. ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലും ഒരു വൃക്കയും കരളും കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും ഒരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കി.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ ട്രാന്‍സ്റ്റാന്‍ എന്ന അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ രോഗിക്ക് നല്‍കിയത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തിലെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ മരണാനന്തരം അവയവദാനം ഏകോപിപ്പിക്കുന്ന കെ.എന്‍.ഒ.എസില്‍ ഇവരുടെ കുടുംബം അവയവദാനത്തിനുള്ള സമ്മതം അറിയിച്ചതിനേത്തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ അവയവങ്ങള്‍ കൈമാറുന്നതിനുള്ള നിയമപ്രശ്നങ്ങള്‍ മാറിയത്. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജയും ഇടപെട്ടിരുന്നു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയവര്‍ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രക്രിയ വിജയമായി.

കോഴിക്കോട് ചെമ്പനോട് പൂഴിത്തോട് ജോണിന്റെ ഭാര്യയാണ് മരിച്ച ലൈസാമ്മ. ഡിസംബര്‍ ആറാം തീയതി മുടുക്കല്ലൂര്‍ ആശുപത്രിയില്‍ പോകവെ ബസില്‍ നിന്ന് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസാമ്മ ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ച അമ്മയുടെ അവയവങ്ങള്‍ മരണശേഷം മറ്റുള്ളവരുടെ ജീവിതത്തിന് പുത്തന്‍ പ്രതീക്ഷയാകുമെന്നും അമ്മയുടെ ആത്മാവ് സന്തോഷിക്കുകയേ ഉള്ളുവെന്നും നേഴ്സ് കൂടിയായ മകള്‍ ജോഷ്ന പറഞ്ഞു.

Content Highlights: Lysamma's organs donated after death, Organ Donation, KNOS

Original Article

Leave a Reply