ഭാവിയിലെ സൂപ്പര്‍ ഭൂഖണ്ഡങ്ങള്‍
നിലവിലെ ഭൂഖണ്ഡങ്ങളുടെ ചലനവും മറ്റു ഭൗമശാസ്ത്ര സവിശേഷതകളും പരിഗണിച്ച് അടുത്ത സൂപ്പര്‍ഭൂഖണ്ഡം എങ്ങനെയായിരിക്കും എന്നറിയാനാണ് ഗവേഷകരുടെ ശ്രമം
ഭൂമിയുടെ പ്രായം 450 കോടി വര്‍ഷമാണ്. ഈ കാലത്തിനിടെ, നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിധം മാറ്റങ്ങള്‍ ഭൂമിക്ക് സംഭവിച്ചിട്ടുണ്ട്. ഒട്ടേറെ തവണ ഭൂമി മുഖംമിനുക്കി. 31 കോടി വര്‍ഷം മുമ്പത്തെ കാര്യം ഉദാഹണമായെടുത്താല്‍, അന്ന് ഭൂമിയില്‍ ഇന്നത്തെ സമുദ്രങ്ങളില്ല, വന്‍കരയാണെങ്കിലോ മരുന്നിന് ഒരെണ്ണം മാത്രം! 'പാന്‍ജിയ' (Pangea) എന്ന സൂപ്പര്‍ഭൂഖണ്ഡം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.
ഏതാണ്ട് 18 കോടി വര്‍ഷംമുമ്പ് പാന്‍ജിയ പൊട്ടിപ്പിളരാന്‍ ആരംഭിച്ചു. രണ്ടു ഭീമന്‍ ഭൂഖണ്ഡങ്ങളായി പിളര്‍ന്നു-തെക്ക് ഗോണ്ട്വാനാലാന്‍ഡ്, വടക്ക് ലൊറേഷ്യ. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്, യൂറോപ്പ് എന്നിവയും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതിനോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു. മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.
ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. ഇപ്പോഴും ഭൂഖണ്ഡങ്ങള്‍ വര്‍ഷം ഏതാനും സെന്റീമീറ്ററുകള്‍ വീതം ചലിച്ചുകൊണ്ടിരിക്കുകയാണ്. ഇവ വീണ്ടും കറങ്ങിത്തിരിഞ്ഞ് അടുത്ത സൂപ്പര്‍ഭൂഖണ്ഡമാകും. ഭൗമശാസ്ത്രജ്ഞര്‍ പറയും പ്രകാരമാണെങ്കില്‍, ഭൂമിയുടെ മുഖംമിനുക്കല്‍ നടക്കുന്നത് ഒരു സൂപ്പര്‍ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു സൂപ്പര്‍ഭൂഖണ്ഡത്തിലേക്ക് എന്ന നിലയ്ക്കാണ്. ഇപ്പോള്‍ പുതിയ സൂപ്പര്‍ഭൂഖണ്ഡത്തിലേക്കുള്ള പകുതി വഴിയാലാണ് ഭൂമുഖമെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
അടുത്ത സൂപ്പര്‍ഭൂഖണ്ഡം ഏതാണ്ട് 20 കോടി വര്‍ഷത്തിന് ശേഷം രൂപപ്പെടുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. എങ്ങനെയാകും അടുത്ത സൂപ്പര്‍ഭൂഖണ്ഡം രൂപപ്പെടുക, എന്തായിരിക്കും അതിന്റെ രൂപഘടന?
1912-ല്‍ ജര്‍മന്‍ ഭൗമശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് വേഗണര്‍ മുന്നോട്ടുവെച്ച ഫലകചലന സിദ്ധാന്തം പില്‍ക്കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടതാണ് 'പ്ലേറ്റ് ടെക്‌റ്റോണിക്‌സ്' (plate tectonics). ഈ സിദ്ധാന്തം അനുസരിച്ച് ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ (plates) കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണം.
നിലവിലെ ഭൂഖണ്ഡങ്ങളുടെ ചലനവും മറ്റ് ഘടകങ്ങളും പരിഗണിച്ച് അടുത്ത സൂപ്പര്‍ഭൂഖണ്ഡം എങ്ങനെയായിരിക്കും എന്നറിയാനുള്ള ശ്രമങ്ങള്‍ പല ഗവേഷകരും നടത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരുസംഘം യൂറോപ്യന്‍ ഗവേഷകര്‍ അടുത്തയിടെ തങ്ങളുടെ നിഗമനങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. നാലു സാധ്യതകളാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്നത്. നോവോപന്‍ജിയ, പാന്‍ജിയ അള്‍ട്ടിമ, ഔറിക്ക, അമാസിയ എന്നിങ്ങനെ നലു പേരുകള്‍ അവയ്ക്ക് നല്‍കിയിട്ടുണ്ട്.
പാന്‍ജിയ സൂപ്പര്‍ഭൂഖണ്ഡം പൊട്ടിപ്പിളര്‍ന്നാണ് അത്‌ലാന്റിക് സമുദ്രം രൂപപ്പെട്ടത്. ഫലകചലനം മൂലം ആ സമുദ്രം ഇപ്പോഴും വലുതായിക്കൊണ്ടിരിക്കുന്നു. അതേസമയം, പെസഫിക് സമുദ്രം ചെറുതാകുന്നു. ഇത്തരം സാഹചര്യങ്ങളൊക്കെ കണക്കിലെടുത്താണ് പുതിയ സൂപ്പര്‍ഭൂഖണ്ഡം സംബന്ധിച്ച നിഗമനങ്ങള്‍ ഗവേഷകര്‍ അവതരിപ്പിച്ചത്. ബ്രിട്ടനില്‍ ബാംഗോര്‍ യൂണിവേഴ്‌സിറ്റിയിലെ മത്തിയാസ് ഗ്രീന്‍, പോര്‍ട്ടുഗലില്‍ ലിസ്ബന്‍ യൂണിവേഴ്‌സിറ്റിയിലെ ഹന്ന സോഫിയ ഡേവീസ്, ജാവോ ഡി.ഡുവാര്‍ട്ട് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്.
അത്‌ലാന്റിക് വലുതാവുകയും പെസഫിക് സമുദ്രം ചുരുങ്ങുകയും ചെയുന്ന നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍, അടുത്ത സൂപ്പര്‍ ഭൂഖണ്ഡം 'നൊവോപാന്‍ജിയ' (Novopangea) ആയിരിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. വടക്കേ അമേരിക്കയും യൂറേഷ്യയും വടക്കും, അന്റാര്‍ട്ടിക്കയും തെക്കെ അമേരിക്കയും തെക്കും വരുന്ന രൂപത്തിലാകും ആ സുപ്പര്‍ ഭൂഖണ്ഡം.
എന്നാല്‍, ഭാവിയില്‍ അത്‌ലാന്റിക്ക് വലുതാകുന്നതിന്റെ തോത് കുറഞ്ഞാല്‍, 'പാന്‍ജിയ അള്‍ട്ടിമ' (Pangea Ultima) എന്ന സൂപ്പര്‍ഭൂഖണ്ഡമാകും രൂപപ്പെടുക. രണ്ട് ആര്‍ക്കുകള്‍ ചേര്‍ന്ന ആകൃതിയാകും അതിന്. സൂപ്പര്‍ഭൂഖണ്ഡത്തെ ഒരു സൂപ്പര്‍ പെസഫിക് സമുദ്രം വലയംചെയ്യാനുണ്ടാകും.
അത്‌ലാന്റിക്കിന്റെ അടിത്തട്ടില്‍ ഭൗമഫലകങ്ങള്‍ ഉള്ളിലേക്ക് നിരങ്ങിനീങ്ങുന്ന സ്ഥലങ്ങള്‍ (suduction zones) രൂപപ്പെടുകയാണെങ്കില്‍, അത്‌ലാന്റിക്കും പെസഫിക്കും അടുത്തുവരും, പുതിയ സമുദ്രം രൂപപ്പെടുന്നതിനൊപ്പം 'ഔറിക്ക' (Aurica) എന്ന പുതിയ സൂപ്പര്‍ഭൂഖണ്ഡവും രംഗത്തെത്തും.
നാലാമത്തെ സൂപ്പര്‍ഭൂഖണ്ഡ സാധ്യതയാണ് 'അമാസിയ' (Amasia). ഭൂമുഖത്തെ പല ഫലകങ്ങളും നിലവില്‍ വടക്കോട്ടാണ് ചലിക്കുന്നത്. ആഫ്രിക്കയും ഓസ്‌ട്രേലിയയും ഒക്കെ ഇതില്‍ പെടുന്നു. ഭൂമിയ്ക്കുള്ളിലെ മാന്റില്‍ (mantile) എന്ന ഭാഗം, ഭൂവത്ക്കത്തില്‍ ചെലുത്തുന്ന സ്വാധീനഫലമായാണിത് സംഭവിക്കുന്നത്. ഇത് ശക്തമായാല്‍ അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളെല്ലാം വടക്കോട്ട് നീങ്ങി ഉത്തരധ്രുവത്തില്‍ അമാസിയ സൂപ്പര്‍ഭൂഖണ്ഡം രൂപപ്പെടും.
മേല്‍സൂചിപ്പിച്ച നാലു സാഹചര്യങ്ങളില്‍ നൊവോപാന്‍ജിയയ്ക്കാണ് കൂടുതല്‍ സാധ്യതയെന്ന് ഗവേഷകര്‍ പറയുന്നു. നിലവിലെ ഭൗമഫലകങ്ങളുടെ ചലനഗതി അതാണ് സൂചിപ്പിക്കുന്നത്. ഭാവിയില്‍ വ്യത്യസ്തമായ സാഹചര്യങ്ങള്‍ ഉണ്ടായാലാല്‍ മാത്രമേ ബാക്കി മൂന്ന് സാധ്യതകള്‍ക്ക് പ്രസക്തിയുള്ളൂ.
അവലംബം –
* Is There a Tectonically Driven Supertidal Cycle? By J.A.M.Green, et.al. Geophysical Research Letters, April 11, 2018.
* What planet Earth might look like when the next supercontinent forms – four scenarios. By Mattias Green, Hannah Sophia Davies, Joao C.Duarte. The Conversation, November 27, 2018.
* Video: Future supercontinent formation. American Geophysical Union (AGU). Published on Apr 11, 2018.
* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Formation of Supercontinents, Geology, Plate Tectonics, Supercontinents, Future Supercontinents, Novopangea, Pangea Ultima, Aurica, Amasia
Leave a Reply
You must be logged in to post a comment.