പൈതൃക തീവണ്ടി ലക്ഷ്വറി സര്‍വീസ് ഇന്നുമുതല്‍
മേട്ടുപ്പാളയം: പൈതൃക തീവണ്ടിയുടെ പ്രത്യേക ലക്ഷ്വറി സര്‍വീസ് ഇനിമുതല്‍ എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഡിസംബര്‍ 8 മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേയാണ് തീവണ്ടി ഓടിക്കുക. കഴിഞ്ഞ സീസണില്‍ ചില ആഴ്ചകള്‍ താത്കാലികമായി ഓടിയ തീവണ്ടി റെയില്‍വേ ബോര്‍ഡ് ഉന്നതര്‍ ഇടപെട്ടാണ് സ്ഥിരപ്പെടുത്തി ഉത്തരവ് ഇറക്കിയത്.
ശനിയാഴ്ച ദിവസങ്ങളില്‍ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്ക് ഒരു സര്‍വീസും തിരിച്ച് ഞായറാഴ്ച ഒരു സര്‍വീസ് ഓടിക്കാനാണ് നിലവില്‍ പദ്ധതി. മേട്ടുപ്പാളയത്ത് നിന്ന് 9.10 ന് 3 കോച്ചുകളുമായി പുറപ്പെടുന്ന വണ്ടി കല്ലാര്‍, അഡര്‍ലി, ഹില്‍ഗ്രോ, റണ്ണിമേട് സ്റ്റേഷനുകളില്‍ നിർത്തും. 12.30 ന് കൂനൂരില്‍ എത്തുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് 4.30ന് മേട്ടുപ്പാളയത്ത് തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഊട്ടിയിലേക്ക് തീവണ്ടിയില്‍ പോകാനുള്ളവര്‍ക്ക് ഊട്ടി-കൂനൂര്‍ സാധാരണ സര്‍വീസുകള്‍ ലഭിക്കും. വിനോദസഞ്ചാരികള്‍ക്ക് ഊട്ടിയില്‍ ഒരു ദിവസം തങ്ങി ഇതേ വണ്ടിയില്‍ തിരിച്ചുവരികയും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
32 ഫസ്റ്റ്ക്ലാസ്സ് സീറ്റുകളും 100 സെക്കന്‍ഡ് ക്ലാസ്സ് സീറ്റുകളുമാണ് ഉള്ളത്. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് നിരക്ക് നികുതിയുള്‍പ്പെടെ 1210 രൂപയും, സെക്കന്‍ഡ് ക്ലാസ്സ് നിരക്ക് 815 രൂപയുമാണ്. പ്രത്യേക തീവണ്ടി സര്‍വ്വീസ് എന്നതിനാല്‍ നിരക്കിളവ് പ്രതീക്ഷിക്കരുത്. എന്നാല്‍ യാത്ര പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ടിക്കറ്റ് തുകയുടെ 10 ശതമാനം നിരക്കിളവുണ്ട്. കൂടാതെ യാത്രയുടെ ഓര്‍മ്മയ്ക്കായി ചെറിയ സമ്മാനവും ലഭിക്കും.
അടുത്ത സീസണില്‍ പുത്തന്‍ കോച്ചുകള്‍
ഊട്ടിയിലെ അടുത്ത സീസണിലേക്കായി പുത്തന്‍ കോച്ചുകള്‍ എത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പത്തോളം കോച്ചുകള്‍ ചെന്നൈയിലെ ഐസിഎഫില്‍ ഇതിനായി തയ്യാറാകുന്നുണ്ട്. ഇടുങ്ങിയ സീറ്റുകള്‍ മാറ്റിയും ലഗേജ് വെക്കാനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയും ബയോ-ടോയ്ലറ്റ് സംവിധാനം ഘടിപ്പിച്ചും സഞ്ചാരികളെ ആകര്‍ഷിക്കും വിധമാണ് നിര്‍മാണം.
ഞായര്‍ തോറും ജോയ് റൈഡ് റൗണ്ട് ട്രിപ്പ്
ഞായറാഴ്ചകള്‍ തോറും ലവ്ഡേല്‍ സ്റ്റേഷന്‍, കേത്തി താഴ്വരകള്‍ എന്നിവ ആസ്വദിക്കാനായി റെയില്‍വേ ഒരുക്കുന്ന ഊട്ടി-കേത്തി ജോയ് റൈഡ് റൗണ്ട് ട്രിപ്പുകള്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കും. ഉച്ചയ്ക്ക് 2.30 ന് ഊട്ടിയില്‍ നിന്ന് പുറപ്പെട്ട് 3 മണിക്ക് കേത്തിയില്‍ എത്തുന്ന വണ്ടി 3.30ന് തിരികെ പുറപ്പെടും. ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റിന് 420 രൂപയും, സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റിന് 300 രൂപയുമാണ് നിരക്കുകള്‍.
content Highlights: Special Luxury Service,Heritage Train,Mettupalayam,Mettupalayam
Leave a Reply
You must be logged in to post a comment.