നട്ടെല്ലുള്ള ജുഡീഷ്യറിയില്ലെങ്കില്‍ നാം മൃഗതുല്യരാക്കപ്പെടും – ജസ്റ്റിസ് കെമാല്‍ പാഷ
കോഴിക്കോട്: നിയമ സംവിധാനങ്ങളുടെ ശക്തി ഒന്നുകൊണ്ടു മാത്രമാണ് ഭരണഘടന നിലനിന്ന് പോവുന്നതെന്നും സര്‍ക്കാരിനെ മുട്ടുകുത്തിക്കാന്‍ തരത്തിലുള്ള നട്ടെല്ലുള്ള ജൂഡീഷ്യറി ഇല്ലെങ്കില്‍ നമ്മള്‍ ഇനിയും മൃഗതുല്യരാക്കപ്പെടുമെന്നും ജെസ്റ്റിസ് കെമാല്‍ പാഷ.
രാജ്യത്തെ ഏത് പൗരന്റേയും കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണും അവയിലെ ഉള്ളടക്കവും പരിശോധിക്കാന്‍ പത്ത് ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമ്പൂര്‍ണ അധികാരം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ നമുക്ക് ഉറപ്പ് നല്‍കുന്ന സ്വകാര്യതയും മൗലികാവകാശവുമെല്ലാം എങ്ങനെയാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. രാജ്യസുരക്ഷയ്ക്കായാണ് ഇത്തരം നടപടിയെന്നാണ് വാദം. ഇനിയും പ്രതികരിച്ചില്ലെങ്കില്‍ നമ്മള്‍ വിഡ്ഢികാളായിപ്പോവും. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിനെ മുട്ടുമടക്കിപ്പിക്കാനുള്ള നട്ടെല്ല് നമ്മുടെ ജുഡീഷ്യറിക്കുണ്ടാവണമായിരുന്നു. അതുപോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണ ഘടന ഉറപ്പ് നല്‍കുന്ന അധികാരങ്ങളും അവകാശങ്ങളുമെല്ലാം പരമാധികാരികള്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. സാധാരണക്കാരുടെ ജീവിതം മൃഗതുല്യമാവുകയാണെന്നും കെമാല്‍പാഷ പറഞ്ഞു. കെ.എസ്.ടി.എയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തില്‍ ഭരണഘടനയും മൂല്യങ്ങളും എന്ന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമോന്നത കോടതി പുറപ്പെടുവിക്കുന്ന വിധിപോലും എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ വഴി മറികടക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് പല വിധികളും വന്നുകൊണ്ടിരികുന്നത്. നമ്മള്‍ എന്തും സഹിക്കും എന്ന തോന്നലുളളത് കൊണ്ടാണ് ഇത്തരത്തിലുള്ള വിധികള്‍ ഉണ്ടാവുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. ഒരു നിയമത്തിന്റേയും പിന്‍ബലമില്ലാതെ നമ്മുടെ മൗലികാവകാശങ്ങളെല്ലാം കവര്‍ന്നെടുക്കുകയാണ്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്തെ സ്ഥിതി. ഇത് ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിയില്‍ പോലും തെറ്റുകള്‍ കടന്ന് വരുന്നത് സ്ഥിരം കാഴ്ചയായി മാറി. ഇത് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിക്കുന്നത് കൊണ്ടാണ്. ഏറ്റവും വലിയ ഭരണഘടനാ ലംഘനമാണത്. മതങ്ങള്‍ അധികാര രാഷ്ട്രീയത്തിലേക്കുള്ള ഏണിപ്പടിയാണെന്ന തിരിച്ചറിവ് രാഷ്ട്രീയക്കാര്‍ക്കുണ്ടായതോടെ ഭരണഘടനയുടെ മൂല്യങ്ങളും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു
Leave a Reply
You must be logged in to post a comment.