Home » ക്രിസ്മസായാല്‍ ഈ വീട് കേക്ക് ഫാക്ടറിയാകും

ക്രിസ്മസായാല്‍ ഈ വീട് കേക്ക് ഫാക്ടറിയാകും

ക്രിസ്മസായാല്‍ ഈ വീട് കേക്ക് ഫാക്ടറിയാകും

ക്രിസ്മസായാല്‍ ഈ വീട് കേക്ക് ഫാക്ടറിയാകും

അറുപത്തിയേഴാം വയസ്സിലും കേക്കുകളുടെ രുചിക്കൂട്ടുകള്‍ക്ക് പിന്നാലെയാണ് കണ്ണൂര്‍ ചാല എസ്.എന്‍. നഗറിലെ ഡെയ്‌സി മസ്‌ക്രീനസ്. ക്രിസ്മസ് കാലമായാല്‍ വീട് കേക്ക് നിര്‍മാണ ഫാക്ടറിയായി മാറും.

എല്ലാ മുറികളിലും കേക്കുകള്‍ നിറയും. മുന്‍കൂട്ടി ഓര്‍ഡറുകള്‍ നല്‍കിയവര്‍ക്കു മാത്രമേ ഡെയ്‌സിയുടെ കേക്കിന്റെ രൂചിയറിയാന്‍ സാധിക്കുകയുള്ളൂ. ബേക്കറികളിലൊന്നും കേക്കുകള്‍ നല്‍കാറില്ലെന്ന് ഡെയ്‌സി പറയുന്നു.

കണ്ണൂര്‍ സെയ്ന്റ് തെരേസാസ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയായിരുന്നു ഡെയ്‌സി. വിരമിച്ചതിനു ശേഷം എന്തുചെയ്യണമെന്ന് ആലോചനയാണ് കേക്ക് നിര്‍മാണത്തിലെത്തിച്ചത്.

1971ല്‍ ഭര്‍ത്താവ് ആല്‍ഫ്രഡ് മസ്‌ക്രീനസാണ് ഡെയ്‌സിയെ കേക്കുകളുണ്ടാക്കാന്‍ പഠിപ്പിച്ചത്. പിന്നീട് മക്കളുടെ പിറന്നാളാഘോഷത്തിനും മറ്റ് ചെറിയ ആവശ്യങ്ങള്‍ക്കും കേക്കുകളുണ്ടാക്കി. വിരമിച്ചതിനു ശേഷമാണ് കേക്ക് നിര്‍മാണം ബിസിനസായി തുടങ്ങാമെന്ന ആലോചനയുണ്ടായത്. അങ്ങനെ അഞ്ചുവര്‍ഷം മുന്‍പ് ഡെയ്‌സിസ് കേക്ക്‌സ് ആന്‍ഡ് പേയ്‌സ്ട്രീസ് എന്ന നിര്‍മാണ യൂണിറ്റ് വീട്ടില്‍ ആരംഭിച്ചു.

ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും പിറന്നാള്‍ കേക്കുകളും വിവാഹ റിസപ്ഷന്‍ കേക്കുകളുമൊക്കെ നിര്‍മിച്ച് നല്‍കിയാണ് തുടക്കം. തുടക്കം വീട്ടില്‍ നിന്ന് ചെറിയ ബിസിനസായിരുന്നതിനാല്‍ അധികം മുടക്കു മുതലൊന്നും ആവശ്യമായി വന്നില്ല. ഒരിക്കല്‍ രുചിയറിഞ്ഞവരൊക്കെ ഡെയ്‌സിയുടെ കേക്കുകളുടെ ആരാധകരായി. പിന്നീട് ഏത് ആഘോഷങ്ങള്‍ക്കും അവരുടെ കേക്കുകള്‍ വേണമെന്നായി.

കുക്കറുകളില്‍ കേക്കുകളുണ്ടാക്കിയ ഡെയ്‌സി ആവശ്യക്കാരേറിയപ്പോള്‍ അവനുകളില്‍ മാറി. രുചിയറിഞ്ഞവരുടെയും പറഞ്ഞുകേട്ടവരുടെയും ഓര്‍ഡറുകള്‍ വന്നപ്പോള്‍ ലാഭമുള്ള ബിസിനസായി മാറിയെന്ന് ഡെയ്‌സി പറയുന്നു.

ഈ ക്രിസ്മസ് സീസണിനായി 500 കിലോയുടെ കേക്കുകളാണുണ്ടാക്കിയത്. ഒരു കിലോ പ്ലം കേക്കിന് 250 രൂപയാണ് ഈടാക്കുന്നത്.

കൃത്രിമ നിറങ്ങളും കൂട്ടുകളൊന്നും ഡെയ്‌സി ഉപയോഗിക്കാറില്ല. പാചകവും ഡിസൈനിങ്ങും പാക്കിങ്ങുമെല്ലാം ഒറ്റയ്ക്ക് ചെയ്യും. ക്രിസ്മസ് സീസണുകളില്‍ മകള്‍ പേര്‍ളി വര്‍ഗീസും ഭര്‍ത്താവ് വര്‍ഗീസ് മാളിയേക്കലും കൊച്ചു മക്കളും സഹായിക്കാനുണ്ടാവും.

എല്ലാ വര്‍ഷവും ക്രിസ്മസ് കേക്കുകളൊരുക്കുന്നതിനു മുന്‍പ് കണ്ണൂര്‍ രൂപതാ ബിഷപ്പ് അലക്‌സ് വടക്കുന്തലയെ കണ്ട് അനുഗ്രഹം വാങ്ങും. ആ പുണ്യമാണ് കേക്കുകള്‍ക്ക് വര്‍ഷം തോറും അവശ്യക്കാരേറാന്‍ കാരണമെന്ന് ഡെയ്‌സി പറയുന്നു.

content highlight: daisy's cakes and pastries

Original Article

Leave a Reply