കുവൈത്തിലെ വെള്ളപ്പൊക്കം: അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു
കുവൈത്തിൽ കഴിഞ്ഞമാസമുണ്ടായ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം ആരംഭിച്ചു. വെള്ളപ്പൊക്കത്തിനു കാരണം നിർമാണപ്രവൃത്തികളിലെ അപാകതയാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സമീപകാലങ്ങളിൽ നിർമിക്കുകയും അറ്റകുറ്റപണി നടത്തുകയും ചെയ്ത റോഡുകളുടെയും മറ്റും ഫയലുകൾ അതോറിറ്റി പരിശോധിക്കും.
മഴക്കാലത്തിന് മുന്നോടിയായി ലക്ഷക്കണക്കിന് ദിനാർ ചെലവഴിച്ചാണ് ഓവുചാലുകളുടെയും മറ്റും അറ്റകുറ്റ പണികൾ തീർത്തത്. എന്നാൽ, ഒറ്റ ദിവസത്തെ മഴകൊണ്ടുതന്നെ രാജ്യത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിർമാണത്തിലെ അപാകതകളും അശാസ്ത്രീയതയും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നിൽ കരാറുകളിലെ വഴിവിട്ട കാര്യങ്ങളും അഴിമതിയും ഉണ്ടോ എന്ന സംശയവുമായി പാർലമെന്‍റ് അംഗങ്ങൾ ഉൾപ്പെടെ രംഗത്തുവന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണങ്ങൾക്കായി ഫയലുകൾ അഴിമതി വിരുദ്ധ അതോറിറ്റിക്ക് കൈമാറിയത്. പാർലിമെന്‍റില്‍ ടെക്നിക്കൽ കമ്മിറ്റിയുടെ വിശദീകരണം ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് സർക്കാർ കൈമാറിയത്.
പൊതുമരാമത്ത് മന്ത്രാലയത്തോടും പാർലമെൻറിലെ പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റിയോടും അതോറിറ്റി റിപ്പോർട്ട് തേടിയിട്ടുണ്ട്. എല്ലാ രേഖകളും സൂക്ഷ്മ പരിശോധന നടത്തി ഏതെങ്കിലും വകുപ്പുകൾ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഉത്തരവാദികളായവരെ പ്രോസിക്യൂഷൻ നടപടികൾക്ക് ശിപാർശ ചെയ്യുമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി വക്താവ് ഡോ. മുഹമ്മ് ബൂസബ്ർ വ്യക്തമാക്കി. മഴയിൽ നാശം സംഭവിച്ച വീടുകളും റോഡുകളും പണിത ആറ് നിർമാണ കമ്പനികൾക്കും ഒരു എൻജിനിയറിങ് ഓഫിസിനും സർക്കാർ ഇതിനകം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.