കാറുകള്‍ക്ക് ഇരയാകുന്ന മനുഷ്യന്‍; കൈയ്യടി നേടി ജംപ്മാന്‍
23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തിലെ ആദ്യ ചിത്രങ്ങളില്‍ ഒന്നായിരുന്നു ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച റഷ്യന്‍ ചിത്രമായ ജംപ്മാന്‍. യുവ റഷ്യന്‍ സംവിധായകനായ ഇവാന്‍ ട്വെര്‍ഡോവ്സ്‌കി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റഷ്യയുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അനാഥനായ 16കാരന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം പ്രേക്ഷകനെ പിടിച്ചിരുത്തും.
പിഞ്ചു കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുന്ന ഒക്സാന എന്ന യുവതിയില്‍നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം മകനായ ഡാനിയലിനെ തേടിയെത്തുകയാണ് ഓക്സാന. ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നപോലെയാണ് അവര്‍ മകനെ തിരികെ കൊണ്ടുപോകുന്നതെങ്കിലും പിന്നീട് അവന്റെ ജീവിതം അപ്രതീക്ഷിതമായ തിരിവുകളിലേയ്ക്ക് നീങ്ങുകയാണ്.
വ്യാജ റോഡപകടങ്ങള്‍ സൃഷ്ടിച്ച് പണം തട്ടുന്ന ഒരു അധോലോകത്തിലേയ്ക്കാണ് ഡാനിയല്‍ എത്തിച്ചേരുന്നത്. വേദന സഹിക്കാനുള്ള അസാധാരണമായ കഴിവുണ്ട് അവന്. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കു മുന്നിലേക്ക് എടുത്തുചാടി വ്യാജ റോഡപകടമുണ്ടാക്കാന്‍ അവന്‍ നിയോഗിക്കപ്പെടുന്നു. ഓക്സാന കൂടി കണ്ണിയായ ആ ശൃംഖലയില്‍ ജഡ്ജിമാരും പ്രോസിക്യൂട്ടര്‍മാരും പോലീസ് ഓഫീസര്‍മാരും ഡോക്ടര്‍മാരുമൊക്കെ കണ്ണികളാണ്.
ഉപേക്ഷിക്കപ്പെട്ട നിലയില്‍നിന്ന് അമ്മയുടെ സ്നേഹത്തിലേക്ക് തിരിച്ചെത്തുന്ന ഡാനിയല്‍ പ്രതീക്ഷകളോടെയാണ് പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്. എന്നാല്‍ അവനെ കാത്തിരിക്കുന്നത് പണാധിഷ്ഠിതമായ, നിഷ്ഠൂരമായ സമൂഹമാണ്. അഴിമതി നിറഞ്ഞ രാഷ്ട്രീയവും നീതിന്യായ സംവിധാനവും ക്രമസമാധാന രംഗവുമെല്ലാം ചേര്‍ന്ന് ഇരയാക്കുന്ന ഡാനിയലിന്റെ സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ചീറിപ്പായുന്ന കാറുകള്‍ക്കു മുന്നിലേക്ക് സ്വയം വലിച്ചെറിയാന്‍ ഡാനിയലിനെ പ്രേരിപ്പിക്കുന്നത് അമ്മയോടുള്ള സ്നേഹമാണ്. എന്നാല്‍, മറ്റുള്ളവരെപ്പോലെതന്നെ ഒക്സാനയ്ക്ക് അവന്‍ തട്ടിപ്പു നടത്താനുള്ള ഒരു ഉപകരണം മാത്രമാണ്. ഇതു തിരിച്ചറിയുന്നതോടെയാണ് തനിക്കു ചുറ്റും വലയംചെയ്തിരിക്കുന്ന ലോകത്തിന്റെ സ്നേഹരാഹിത്യത്തെക്കുറിച്ച് ഡാനിയല്‍ ബോധവാനാകുന്നത്. ഇതോടെ നിരന്തരം പരിക്കേറ്റ് ക്ഷീണിതമായ അവന്റെ മനസ്സും ശരീരവും പൊട്ടിത്തെറിക്കാന്‍ വെമ്പുന്നത് ശക്തമായ ഭാഷയില്‍ ദൃശ്യവത്കരിക്കുന്നുണ്ട് സംവിധാനയകന്‍.
കുത്തഴിഞ്ഞ നീതിന്യായ സംവിധാനം ദുര്‍ബലരെ ചൂഷണം ചെയ്യുകയും നിരപരാധികളെ അപരാധികളാക്കുകയും സത്യത്തെ ക്രൂരമായി ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം. അനാഥാലയത്തിലേക്ക് തിരികെയെത്തുന്ന ഡാനിയലിന്റെ വാക്കുകളില്‍ ലോകത്തോടുള്ള ഭയം മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട്. മാനുഷികത നഷ്ടപ്പെടുന്ന ഭരണകൂടവും നിയമവ്യവസ്ഥയും മനുഷ്യനെ നിസ്സയാഹനും ഇരയുമാക്കുന്നത് ലോകത്തെവിടെയും സമാനമായ രീതിയിലാണെന്ന് ജംപ്മാന്‍ എന്ന ചിത്രം പറയുന്നു.
ഡെന്നിസ് വ്ലാസെന്‍കോ ഡാനിയലായി മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ചില യഥാര്‍ഥ സംഭവങ്ങളെ ഉപജീവിച്ചാണ് സംവിധായകന്‍ ഇവാന്‍ ട്വെര്‍ഡോവ്സ്‌കി തിരക്കഥ രൂപ്പെടുത്തിയിരിക്കുന്നത്. സുവോളജി എന്ന ആദ്യ ചിത്രത്തിലൂടെ ലോകശ്രദ്ധനേടിയ സംവിധായകനാണ് ഇവാന്‍ തര്‍ക്കോവ്സ്‌കി. ചലച്ചിത്രമേളയില്‍ ഞായറാഴ്ച രാവിലെ ഈ ചിത്രത്തിന് ഒരു പ്രദര്‍ശനംകൂടിയുണ്ട്.
Content Highlights : 23rd IFFK 2018 Jumpman Podbros Movie Review Ivan Tverdovskiy Movie Jumpman IFFK 2018
Leave a Reply
You must be logged in to post a comment.