എ.കെ.ജിയുടെ കാപ്പിക്കട
1958ന്റെ തുടക്കം. അന്നും തൃശ്ശൂര്‍ റൗണ്ടില്‍ നിറയെ കാപ്പിക്കടകള്‍ ഉണ്ടായിരുന്നു. എണ്ണക്കടികളും ആവി പറക്കുന്ന പലഹാരങ്ങളും ചായയും കിട്ടുന്നവ. വിഭവസമൃദ്ധമായ ഊണും മറ്റിനങ്ങളും കിട്ടുന്ന ഹോട്ടലുകളും ഏറെ. ആ സമയത്താണ് തൊഴിലാളി സഹകരണ സംഘത്തിന്റെ സ്വന്തം ചായക്കട എന്ന സ്വപ്നവുമായി എ.കെ. ഗോപാലന്‍ തൃശ്ശൂരിലെത്തുന്നത്.
ഹോട്ടലിന് സ്ഥലം കണ്ടെത്തുന്നതിനുള്ള കറക്കത്തിലായിരുന്നു എ.കെ.ജി. തുടങ്ങിയില്ലെങ്കില്‍ സഹകരണ രജിസ്‌ട്രേഷന്‍ റദ്ദാകും. ഉറ്റ സുഹൃത്തായ എ.കെ.ടി.കെ.എം. വാസുദേവന്‍ നമ്പൂതിരിപ്പാടിന് അന്ന് തൃശ്ശൂര്‍ റൗണ്ടില്‍ കുറച്ച് സ്ഥലവും അതിലൊരു കൊച്ചു കെട്ടിടവുമുണ്ടായിരുന്നു. ഇവിടെയെത്തിയ എ.കെ.ജി. സ്വപ്നപദ്ധതിയെപ്പറ്റി വാസുദേവന്‍ നമ്പൂതിരിപ്പാടിനോട് സംസാരിച്ചു.
തൊഴിലാളികളുടെ കാപ്പിക്കട, അതിലെ വരുമാനം മുഴുവന്‍ തൊഴിലാളികള്‍ക്ക്, മുതലാളിയില്ലാത്ത സ്ഥാപനം തുടങ്ങിയ എ.കെ.ജി.യുടെ കാഴ്ചപ്പാടുകള്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന് നന്നേ ബോധിച്ചു. പക്ഷേ, സ്ഥാപനം എവിടെ തുടങ്ങും. ആദ്യത്തെ സ്ഥാപനമാണ്. മോശമാകരുത്. പക്ഷേ, അതിനായി മുതലിറക്കാന്‍ തുകയില്ല.
ഒരു വഴിയേ മുന്നിലുണ്ടായിരുന്നുള്ളൂ. സ്വന്തം സ്ഥലവും കെട്ടിടവും വാസുദേവന്‍ നമ്പൂതിരിപ്പാട് തുറന്നുകൊടുത്തു. തൃശ്ശൂര്‍ റൗണ്ടിലെ സ്വന്തം കെട്ടിടത്തില്‍ സഹകരണ സംഘത്തിന്റെ ആദ്യ കോഫീഹൗസ് തുടങ്ങി. ഇന്ന് കേരളത്തില്‍ കാണുന്ന ഇന്ത്യന്‍ കോഫീഹൗസ് എന്ന തൊഴിലാളി സഹകരണ ഹോട്ടലിന്റെ തുടര്‍ച്ചയും വളര്‍ച്ചയും ഇവിടെ നിന്നായിരുന്നു.
അതേ കോഫീഹൗസ്
ഇന്നും തൃശ്ശൂര്‍ റൗണ്ടിലെ തെക്കേ ഗോപുരനടയുടെ ഏതാണ്ട് എതിരിലായി ഇന്ത്യന്‍ കോഫീഹൗസ് കാണാം. 1958 മാര്‍ച്ച് എട്ടിന് എ.കെ. ഗോപാലന്‍ ഉദ്ഘാടനം ചെയ്ത കേരളത്തിലെ ആദ്യത്തെ ഇന്ത്യന്‍ കോഫീഹൗസ്.
സ്ഥലം മാത്രം മാറിയില്ല. പത്തുപേര്‍ക്ക് ഇരുന്ന് ചായ കുടിക്കാനായിരുന്ന കെട്ടിടം നാലു നിലക്കെട്ടിടമായി. സ്ഥലം ഇന്ത്യന്‍ കോഫീഹൗസിന്റെ സ്വന്തമായി. ഒരേ സമയത്ത് 150 പേര്‍ക്ക് ഭക്ഷണം കഴിക്കാനാകുന്ന സൗകര്യമായി. തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള കോഫീഹൗസുകളില്‍ ഉപയോഗിക്കുന്നതും വിറ്റഴിക്കുന്നതുമായ മുഴുവന്‍ കാപ്പിപ്പൊടിയും ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. ഇതിനായുള്ള എല്ലാ സൗകര്യങ്ങളും ഈ കോഫീഹൗസ് കെട്ടിടത്തിലുണ്ട്.
ആദ്യത്തെ രണ്ടു നിലയില്‍ വിശാലമായ ഭക്ഷണശാലയാണ്. മൂന്നാം നിലയില്‍ ജീവനക്കാരുെട താമസ സൗകര്യം. നാലാം നിലയിലാണ് കാപ്പിപ്പൊടി നിര്‍മാണശാല. 1998 -ലാണ് കോഫീഹൗസ് വിശാലമാക്കി നിര്‍മിച്ചത്.
തുടക്കത്തില്‍ 14 ജീവനക്കാര്‍
തുടക്കത്തില്‍ സ്ഥാപനത്തില്‍ 14 ജീവനക്കാരായിരുന്നു. ബി. ശ്രീധരന്‍ നായര്‍, കെ.ആര്‍. മാധവന്‍, എന്‍.എസ്. പരമേശ്വരന്‍ പിള്ള, ടി.കെ. കുഞ്ഞയ്യപ്പന്‍, ഒ.വി. ശങ്കരന്‍, പി.എന്‍. കുട്ടപ്പന്‍ നായര്‍, കെ.ഒ. റാഫേല്‍, എം.ജെ. ജോണ്‍, കെ.കെ. വേലായുധന്‍, പി. ശേഖരപിള്ള, കെ. കൃഷ്ണന്‍ നായര്‍, എന്‍. ബാബു, വി.എം. അന്തോണി, എ.കെ. വാസു എന്നിവര്‍. നിലവില്‍ 52 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നു.
മാറാത്ത ശീലങ്ങള്‍
കേരളമൊട്ടുക്കും ഇന്ത്യന്‍ കോഫീഹൗസില്‍ ഒരേ രുചിയാണ് എന്നതാണ് പ്രത്യേകത. ഉപയോഗിച്ച് ബാക്കി വരുന്ന എണ്ണ നശിപ്പിച്ച് കളയും. ജീവനക്കാര്‍ക്ക് എല്ലാ കോഫീ ഹൗസുകളിലും ഒരേ വേഷമാണ്. ജോലിയിലെ സ്ഥാനങ്ങളനുസരിച്ച് വ്യത്യാസമുണ്ട്. ഈ എല്ലാ ശീലങ്ങളും തുടങ്ങിയത് ഇതേ കോഫീഹൗസില്‍. എട്ട് മണിക്കൂറാണ് ജോലി. 18 മുതല്‍ 35 വയസ്സുവരെയുള്ളവരെ ജോലിക്ക് പരിഗണിക്കും. 18 മാസമാണ് പ്രൊബേഷന്‍. എഴുത്തും വായനയും അറിയണം. സൈക്കിള്‍ ചവിട്ടാന്‍ അറിയണം. അതാണ് യോഗ്യത. എ.കെ.ജി. എഴുതി വെച്ച മാനദണ്ഡങ്ങളൊന്നും മാറ്റിയിട്ടില്ല. ഇതിനെല്ലാം തുടക്കമിട്ടത് തൃശ്ശൂര്‍ റൗണ്ടിലെ കോഫീഹൗസില്‍ നിന്നാണ്.
വേഷങ്ങള്‍
അടുക്കള ജീവനക്കാര്‍ക്ക് കാക്കിയാണ് വേഷം. ബാക്കിയെല്ലാവര്‍ക്കും വെള്ള വേഷമാണ്. ആദ്യമായി ജോലിയിലെത്തുന്നവര്‍ക്ക് ഭക്ഷണയിടത്തിലെ ക്ലീനിങ് പണിയാണ്. നെഹ്രുത്തൊപ്പി പോലുള്ള തൊപ്പിയിട്ടാണ് ഇവരെ കാണാനാകുക. ഇവര്‍ പ്രൊമോഷനിലൂടെ ബെയറര്‍ ആകുമ്പോള്‍ ഉയര്‍ന്ന മുന്‍ഭാഗമുള്ള രാജാവിന്റെ പോലുള്ള തൊപ്പി കിട്ടും. തൊപ്പിയിലും അരയിലെ ബെല്‍റ്റിലും പച്ച വരയാണ് തിരിച്ചറിയാനുള്ള മാര്‍ഗം.
അടുത്ത പ്രൊമോഷനിലൂടെ ഹെഡ് അസിസ്റ്റന്റ് ആകുന്‌പോള്‍ ബെല്‍റ്റിന് പകരം വയര്‍ ഭാഗത്ത് പ്രത്യേക പച്ചച്ചട്ടയുണ്ടാകും. ഇവര്‍ പ്രൊമോഷനായാല്‍ ഹെഡ് ആകും. ചുവപ്പുചട്ടയായിരിക്കും ഇവരണിയുക.
അടുത്ത പ്രൊമോഷനോടെ സൂപ്പര്‍വൈസര്‍ ആയാല്‍ തൊപ്പി ഉണ്ടാകില്ല. ബെല്‍റ്റ് വെള്ളയാകും. ഓഫീസ് ജീവനക്കാര്‍ക്ക് കറുത്ത പാന്റും ഇളം വയലറ്റ് ഷര്‍ട്ടുമാണ് വേഷം.
വിഭവങ്ങള്‍
കേരളത്തിലെ എല്ലാ കോഫീഹൗസിലും ഭക്ഷണ ഇനങ്ങള്‍ ഏതാണ്ട് ഒരു പോലെയാണെങ്കിലും ആദ്യത്തെ കോഫീ ഹൗസില്‍ ഉച്ചയൂണില്ല. പകരം ബിരിയാണിയാണ്. എന്നാല്‍ ഇവിടെയെത്തുന്നവര്‍ ഏറെ ആവശ്യപ്പെടുന്നത് മസാല ദോശ. രണ്ടാം സ്ഥാനത്ത് കട്‌ലറ്റ്. മൂന്നാമതാണ് വട.
രാഷ്ട്രീയക്കാരുടെ സ്ഥിരം താവളമാണ് റൗണ്ടിലെ കോഫീ ഹൗസ്. വൈകുന്നേരങ്ങളില്‍ പതിവുതെറ്റാതെ ചായകുടിക്കായി ഒത്തുചേരുന്ന സംഘങ്ങളുമുണ്ട്. രാവിലെ ആറരയ്ക്ക് തുറന്നാല്‍ രാത്രി ഒന്‍പതരയ്ക്ക് അടയ്ക്കും വരെ തിരക്കോട് തിരക്ക്. 60 വര്‍ഷമായി ഇത് തുടരുന്നു.
Content Highlight: The man Behind the biggest restaurant chain of Kerala, Indian Coffee House, AK Gopalan
Leave a Reply
You must be logged in to post a comment.