ഉപദേശച്ചൂരല്‍ | Movie Rating : 2/5
അവിഹിതവും അതിലെ സസ്പെന്‍സുമൊക്കെ ടെലിവിഷന്‍ പരമ്പരക്കാര്‍ അനിശ്ചിതകാലത്തേക്ക് കുത്തകയെടുത്തു എപ്പിസോഡുകളായി കൃഷി ചെയ്യുകയാണെന്നാണ് കരുതിയതെങ്കില്‍ തെറ്റി. ആ അവിഹിതകഥകളൊന്നും സിനിമയില്‍നിന്ന് കാലഹരണപ്പെട്ടിട്ടില്ല. അഥവാ കലാഹരണപ്പെട്ടാലും ശ്രീനിവാസനെപ്പോലുള്ള വെറ്ററന്‍ തിരക്കഥാകൃത്തുക്കള്‍ സമ്മതിക്കുകയില്ല.
പവിയേട്ടന്റെ മധുരച്ചൂരല്‍ നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ശ്രീനിവാസന്‍ സിനിമയാണ്. ശ്രീനിവാസന്‍ സിനിമയെന്നാല്‍ മലയാളിയെ പരിഹാസങ്ങള്‍ കൊണ്ടും സ്വയം വിമര്‍ശനങ്ങള്‍ കൊണ്ടും എന്നുമെന്നും ചിരിപ്പിച്ച, ചിന്തിപ്പിച്ച ശ്രീനിവാസന്‍ അല്ല നഗരവാരിധി നടുവില്‍ ഞാന്‍, ഒരു നാള്‍ വരും പോലെയുള്ള സിനിമകള്‍ എഴുതി പ്രതിഭയുടെ ശോഷണമോ എന്ന് കാഴ്ചക്കാരെക്കൊണ്ടു സംശയിപ്പിച്ച ശ്രീനിവാസന്‍ സിനിമകളുടെ തുടര്‍ച്ച.
ജൈവകൃഷി മുതല്‍ വ്യാജപ്പാല്‍ വരെയുള്ള വാട്സ്ആപ്പ് അമ്മാവന്‍ സിദ്ധാന്തങ്ങള്‍ കൂട്ടിയിണക്കിയുള്ള ഡയലോഗുകളാല്‍ സമ്പന്നമാണ് കഷ്ടിച്ച് രണ്ടുമണിക്കൂറില്‍ താഴെയുളള സിനിമ. ടെലിവിഷന്‍കാരുടെ കൈയില്‍ കിട്ടിയാല്‍ 365 ദിവസവും ആഘോഷിക്കാന്‍ പറ്റിയ ഒരു അവിഹിതകഥ രണ്ടുമണിക്കൂറില്‍ ഒതുക്കി എന്നൊരു വ്യത്യാസം മാത്രമേയുളളു. ശ്രീനിവാസന്‍ തന്നെയാണ് മുഖ്യകഥാപാത്രമായ പവിത്രന്‍ എന്ന അധ്യാപകനെ അവതരിപ്പിക്കുന്നതും. ലെനയാണ് നായിക. ഈ രണ്ടുകഥാപാത്രങ്ങള്‍ക്കിടയിലൂടെ ശ്രീനിവാസന്റെ ടിപ്പിക്കല്‍ സാമൂഹികജീവിത വിമര്‍ശനങ്ങളുമായി മുന്നേറുന്ന സിനിമ ശ്രീനിവാസന്റെ മകന്‍ എന്ന് അവകാശപ്പെട്ടു വരുന്ന അനന്തു എന്ന കഥാപാത്രത്തിന്റെ വരവോടെ തലയും കുത്തിവീഴും. പിന്നങ്ങോട്ട് ബാലിശമായ വിശദീകരണങ്ങള്‍ കൊണ്ട് ഏറെക്കുറെ ഊഹിക്കാവുന്ന കഥാഗതിയിലെത്തി വലിയ ബഹളങ്ങളൊന്നുമില്ലാതെ അവസാനിക്കും.
പേര് സൂചിപ്പിക്കുന്നതുപോലെ സ്‌കൂള്‍ പ്രമേയമാക്കിയ കഥയൊന്നുമല്ല മധുരച്ചൂരല്‍. തീര്‍ച്ചയായും കഥയുടെ പരിസരം ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. മുഖ്യകഥാപാത്രങ്ങളായ പവിത്രനും ഭാര്യയും സ്‌കൂളിലെ മാതൃകാ അധ്യാപകരുമാണ്. പ്രണയവിവാഹിതരായ ഇരുവര്‍ക്കൂം മക്കളില്ല. പാലില്‍ മുതല്‍ പച്ചക്കറിയില്‍ വരെ വ്യാജവില്‍പന നടത്തുന്ന സ്‌കൂള്‍ മാനേജരെ പ്രതിനായകസ്ഥാനത്തുനിര്‍ത്തിക്കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, ഇംഗ്ലീഷ് മീഡിയം തുടങ്ങിയ മുന്‍ സിനിമകളില്‍ ഇത്തരം മാനേജര്‍ വില്ലന്മാരുമായുള്ള ഏറ്റുമുട്ടലിലൂടെയാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. വ്യാജപ്പാല്‍, വിഷപ്പച്ചക്കറി വിരുദ്ധ നെടുങ്കന്‍ പ്രഭാഷണങ്ങള്‍ക്കിടയിലൂടെ സ്‌കൂളിലെ കഥയുമായി മുന്നോട്ടുനീങ്ങുന്നതിനിടയ്ക്കാണ് ഒരു കാരണവുമില്ലാതെ ജാരസന്തതി കയറിവരുന്നത്. അതോടെ വാടസ്ആപ്പ് അമ്മാവന്‍ മോഡല്‍ ഉപദേശങ്ങള്‍ നില്‍ക്കും. പിന്നെല്ലാം ശോകമൂകമായ മെലോഡ്രാമയാണ്.
സംവിധായകനെന്ന നിലയില്‍ ഒരുതരത്തിലുമുള്ള മുദ്ര പതിപ്പിക്കാന്‍ ശ്രീകൃഷ്ണന്‍ എന്ന സംവിധായകനു കഴിഞ്ഞിട്ടില്ല. കാലഹരണപ്പെട്ട ശൈലികൊണ്ട് ഇഴഞ്ഞുനീങ്ങുന്ന അവതരണം രണ്ടാം പകുതിയിലൊക്കെ നന്നേ മുഷിപ്പിക്കുന്നുണ്ട്. പി. സുകുമാറിന്റെ മോശമല്ലാത്ത ദൃശ്യങ്ങളും ശ്രീനിവാസന്‍ എഴുതിയ ചെറിയ നര്‍മഭാഷണങ്ങളുമാണ് കണ്ടിരിക്കാവുന്ന തരത്തില്‍ സിനിമയെ പരുവപ്പെടുത്തിയെടുക്കുന്നത്.
Content Highlights : Paviyettante madhurachooral Malayalam Movie Review, malayalam movie review, Sreenivasan screenplay
Leave a Reply
You must be logged in to post a comment.