ആർ.ബി.ഐ. നയപ്രഖ്യാപനം: പലിശ നിരക്ക് കുറയ്ക്കില്ല
ന്യഡൽഹി:റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആർ.ബി.ഐയുടെ പണനയ സമിതിയുടെ മൂന്നു ദിവസത്തെ യോഗം ഇന്ന് അവസാനിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നയപ്രഖ്യാപനം.
സാമ്പത്തിക വളർച്ച മൂന്നു പാദങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്നനിലയിലെത്തി നിൽക്കുകയാണെങ്കിലും ഇത്തവണ അടിസ്ഥാനനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുമെന്നാണ് കരുതുന്നത്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് ഇപ്പോൾ 6.50 ശതമാനമാണ്.
അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ചതും ഇന്ത്യയ്ക്ക് ആശ്വാസകരമാണ്. പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലാണ്. ഈ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന് വാദിക്കുന്നവരുണ്ട്.
എന്നാൽ, കരുതലോടെയുള്ള സമീപനമായിരിക്കും ആർ.ബി.ഐ. കൈക്കൊള്ളുകയെന്നാണ് സൂചന. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച 2018 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 7.1 ശതമാനമായി താഴ്ന്നിരിക്കുകയാണ്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 3.31 ശതമാനത്തിലെത്തിനിൽക്കുന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിരക്കാണ് ഇത്. ഇതൊക്കെ നിരക്ക് കുറയ്ക്കാൻ അവസരമൊരുക്കുന്ന ഘടകങ്ങളാണ്. എന്നാൽ, നിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്നു തന്നെയാണ് ഭൂരിഭാഗം വിദഗ്ധരും കരുതുന്നത്.
content highlight: rbi credit policy
Leave a Reply
You must be logged in to post a comment.