Home » അതിജീവനത്തിന്റെ മേള; 23-ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരിതെളിഞ്ഞു

അതിജീവനത്തിന്റെ മേള; 23-ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരിതെളിഞ്ഞു

അതിജീവനത്തിന്റെ മേള; 23-ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരിതെളിഞ്ഞു

അതിജീവനത്തിന്റെ മേള; 23-ാമത് ഐഎഫ്എഫ്‌കെയ്ക്ക് തിരിതെളിഞ്ഞു

പ്രളയാനന്തര കേരളം കലാരംഗത്ത് തകര്‍ന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന വീടുകളും റോഡും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതുപോലെ പ്രധാനമാണ് തകര്‍ന്നുപോയ മനസ്സുകളുടെ പുനര്‍നിര്‍മ്മാണവും. ആഘാതാനന്തര മാനസികാവസ്ഥയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവര്‍ത്തനം വലിയ തോതില്‍ ഉപകരിക്കുമെന്ന് 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

കലാസ്വാദനം നല്‍കുന്ന സാന്ത്വനം പകരംവെയ്ക്കാനാകാത്തതാണ്. വിഷാദത്തിന്റെ ഇരുട്ട് അകറ്റാനും അതിനു കഴിയും. ഈ വസ്തുത അംഗീകരിക്കുന്നതുകൊണ്ടാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചലച്ചിത്രമേളക്ക് തടസ്സമാവരുത് എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതയും സങ്കുചിതമായ ദേശീയതയും ഇന്ത്യന്‍ സാഹചര്യത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്നതാണ് നാമിപ്പോള്‍ കാണുന്നത്. വിശ്വാസത്തിന്റെയും ദേശസ്നേഹത്തിന്റെയും പേരു പറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള നയപരിപാടികളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രളയകാലത്ത് നാം നേരിട്ടതുപോലുള്ള ദുരന്താനുഭവങ്ങളെ ഒരുമിച്ചു നിന്ന് അതിജീവിക്കുന്നതിനുള്ള സാധ്യത ഇത്തരം ശക്തികള്‍ നഷ്ടപ്പെടുത്തും. ആ ആപത്ത് തടയാന്‍ സാര്‍വദേശീയമായ മാനുഷികമൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

19-ാം നൂറ്റാണ്ടിലെ ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ദുരാചാരങ്ങള്‍, സ്ത്രീവിരുദ്ധ സമീപനങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചുകൊണ്ടുവന്ന് സമൂഹത്തെ മലീമസമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുന്ന കാലമാണിത്. അത്തരം വിഷയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ ചലച്ചിത്ര കലാകാരന്‍ എന്ത് നിലപാടെടുക്കുന്നുവെന്നത് സമൂഹം സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: IFFK 2018, Pinarai vijayan, IFFK inaugral function, thiruvanathapuram

Original Article

Leave a Reply