ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന് ലോക ഉച്ചകോടി കൊച്ചിയില്‍
കൊച്ചി: പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടിക്ക് കൊച്ചി വേദിയാകുന്നു. 2019 ഫെബ്രുവരി 20 മുതല്‍ 22 വരെ ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത്-ലുലു കണ്വെന്ഷന് സെന്ററിലാണ് പരിപാടി. ഐ.എ.എ.യുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വേള്‍ഡ് കോണ്‍ഗ്രസിന് ഒരു ഇന്ത്യന്‍ നഗരം വേദിയാകുന്നത്.
ഐ.എ.എ.യുടെ 44-ാം ലോക സമ്മേളനമാണ് ഇത്തവണത്തേത്. 'ബ്രാന്‍ഡ് ധര്‍മ' എന്നതാണ് ഇത്തവണത്തെ പ്രമേയം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, യൂണീലിവര്‍ സി.ഇ.ഒ. പോള്‍ പോള്‍മാന്‍, ക്വാല്‍കോം സി.ഇ.ഒ. സ്റ്റീവന്‍ മലന്കോഫ്, ഇന്‍ഫോസിസ് ചെയര്‍മാനും ആധാറിന്റെ ഉപജ്ഞാതാവുമായ നന്ദന് നിലേകനി, സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് സി.ഇ.ഒ. രാജീവ് മിശ്ര, ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ സ്പീക്കര്‍മാരായെത്തും.
ഇന്ത്യയില്‍ ഏറ്റവുമധികം മൂല്യമുള്ള ബ്രാന്‍ഡ് അംബാസഡറായി മാറിയ ബോളിവുഡ് താരം അമിതാഭ് ബച്ചനും പങ്കെടുക്കുന്നുണ്ട്. ബോളിവുഡ് താരം ദീപിക പദുകോണും എത്തും.
ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹ്യൂമനോയ്ഡ് റോബോട്ടായ 'സോഫിയ'യുടെ സാന്നിധ്യമായിരിക്കും സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ മൊത്തം നാല്പതോളം പേരാണ് സ്പീക്കര്‍മാരായി എത്തുന്നത്. വീഡിയോ കോളിങ് ആപ്പായ സ്കൈപ്പിന്റെ സഹ-സ്ഥാപകന്‍ ജോനാസ് കെല്‍ബെര്‍ഗ്, ഫെയ്സ്ബുക്കിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് വൈസ് പ്രസിഡന്റ് കരോളിന് എവര്‍സണ്‍, ആലിബാബയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ക്രിസ് തുങ്, ബി.ബി.ഡി.ഒ. വേള്‍ഡ്വൈഡ് സി.ഇ.ഒ. ആന്‍ഡ്രു റോബര്‍ട്ട്സണ്‍, ഒ. ആന്‍ഡ് എം. ക്രിയേറ്റിവ് ഡയറക്ടര്‍ പീയുഷ് പാണ്ഡെ, മുന്‍ ടെന്നീസ് താരം ആന്ദ്രെ അഗാസി, വിജയ് അമൃത്രാജ് എന്നിവരും ഇതില്‍ പെടുന്നു.
25 ഓളം രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രതിനിധികള്‍ മൂന്നു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. ഐ.എ.എ. ആഗോള പ്രസിഡന്റും ആര്.കെ. സ്വാമി ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസന് സ്വാമി, ഐ.എ.എ. ആഗോള വൈസ് പ്രസിഡന്റും മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ എം.വി.ശ്രേയാംസ് കുമാര്‍,
ഐ.എ.എ. ഇന്ത്യ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് രമേശ് നാരായണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: https://www.iaaworldcongress.org/
എന്തുകൊണ്ട് കൊച്ചി?
ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) 44-ാമത് ലോക ഉച്ചകോടിയ്ക്കായി മുംബൈ, ഡല്‍ഹി, ആഗ്ര, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, കൊച്ചി നഗരങ്ങളാണ് പരിഗണിച്ചത്. എന്നാല്‍, സമ്മേളനത്തിന് വേണ്ട എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയത് കൊച്ചി മാത്രമാണെന്ന് ഐ.എ.എ.യുടെ ആഗോള പ്രസിഡന്റും പ്രമുഖ പരസ്യ ഏജന്‍സിയായ ആര്.കെ.സ്വാമി ഹാന്‍സ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസന് സ്വാമി പറഞ്ഞു.
ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും മികച്ചതുമായ കണ്വെന്ഷന് സെന്റര്‍ കൊച്ചിയില്‍ വന്നതും ഈ നഗരം തിരഞ്ഞെടുക്കാന്‍ കാരണമായി. കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു കണ്വെന്ഷന് സെന്ററിലാണ് സമ്മേളനം നടക്കുന്നത്.
വാഷിങ്ടണ്‍ ഡി.സി., മോസ്കോ, ബീജിങ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ മൂന്നു സമ്മേളനങ്ങള്‍ അരങ്ങേറിയത്.
content highlight: international advertising association, world summit
Leave a Reply
You must be logged in to post a comment.